വ്യാജ സിഗരറ്റുകളുമായി കാസർകോട് സ്വദേശികൾ പിടിയിൽ
കണ്ണൂർ: കാറിൽ വിൽപനക്കെത്തിച്ച ഒരു ലക്ഷത്തിലധികം വരുന്ന വ്യാജ നിർമ്മിത സിഗരറ്റുകളുമായി കാസർകോട് സ്വദേശികൾ പിടിയിൽ. കാർ ഡ്രൈവർ വിദ്യാനഗറിലെ പി.എ മുഹമ്മദ് റഫീഖ് (45), കാറിലുണ്ടായിരുന്ന കാളിയങ്ങാടെ എം.എ മുഹമ്മദ് ഷാഹിൽ (37) എന്നിവരാണ് പിടിയിലായത്. കാറിൽ നിന്നും 548 ബോക്സുകളിലായി സൂക്ഷിച്ച 1,09,600 സിഗരറ്റുകളാണ് പിടിച്ചെടുത്തത്.
ബുധൻ രാത്രി 8.45 മണിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം റോഡരികിൽ നിന്നാണ് ഇന്നോവ കാറിൽ സൂക്ഷിച്ച ഗോൾഡ് ഫ്‌ലേക്, ഹണിഡ്യു കിങ് ലൈറ്റ്സ് എന്നീ ലേബലുകളുള്ള വ്യാജ സിഗരറ്റ് ശേഖരം പിടികൂടിയത്. ഡി.ആർ.ഐ കണ്ണൂർ മേഖല യൂണിറ്റ് സീനിയർ ഇന്റലിജൻസ് ഓഫീസർ എൻ.സി പ്രശാന്തും സംഘവും കസ്റ്റഡിയിലെടുത്ത പ്രതികളെയും സിഗരറ്റുകളും വാഹനവും അന്വേഷണത്തിനായി ടൗൺ പൊലീസിന് കൈമാറി. കണ്ണൂർ സിറ്റി എ.സി.പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു.