ജ. സുശ്രുത് അർവിന്ദ് ധർമാധികാരി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് അർവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെ ഇന്നലെ കേന്ദ്രസർക്കാർ നിയമന വിജ്ഞാപനമിറക്കി. ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവ ഇന്നലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചു. ഛത്തീസ്ഗഢ് റായ്‌പൂർ സ്വദേശിയാണ് സുശ്രുത് അർവിന്ദ് ധർമാധികാരി. മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ പ്രാക്‌ടീസ് ആരംഭിച്ചു. 2016 ഏപ്രിൽ 7ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി. 2025 ഏപ്രിൽ 23ന് കേരള ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഇദ്ദേഹത്തിന്റെ ബെഞ്ചിലെ വിധി വിവാദമായിരുന്നു. 'ദ കേരള സ്റ്റോറി 2 : ഗോസ് ബിയോൺഡ‌്" സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതും പ്രദർശനാനുമതി നൽകിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്.