ആർലേക്കർക്ക് തമിഴ്നാടിന്റെ അധികചുമതല,​ ബിഹാറിൽ നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റി,​ കൂടുതൽ ഗവർണർമാർക്ക് മാറ്റം

Friday 06 March 2026 12:44 AM IST

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം. സി.വി. ആനന്ദ ബോസ് പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് പുതുതായി ഗവർണർമാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്.

ആനന്ദബോസിന് പകരമായി തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ആർ.എൻ. രവിക്ക് പകരം തമിഴ്നാട് ഗവർണറിന്റെ അധിക ചുമതല കേരള ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൽകി. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ബിഹാർ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി. റിട്ട. ലെഫ്റ്റ്നന്റ് ജനറൽ സയ്യിദ് അത ഹസൈൻ ആണ് പുതിയ ബിഹാർ ഗവർണർ. പുതിയ ഡൽഹി ലഫ്. ഗവർണറായി തരൺജിത് സിങ് സന്ധുവിനെ നിയമിച്ചു. ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേനെയെ ലഡാക്ക് ലഫ്. ഗവർണറായും തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്ര ഗവർണറായും നന്ദകഷോർ യാദവിനെ നാഗാലാൻഡ് ഗവർണറായും നിയമിച്ചു.

രാജിവെച്ച ലഡാക്ക് ലഫ്. ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ശിവപ്രതാപ് ശുക്ലയെ പുതിയ തെലങ്കാന ഗവർണറായും നിയമിച്ചു. രാജിവെച്ച ആനന്ദ ബോസിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.