റെയ്സിന ഡയലോഗിന് ഡൽഹിയിൽ തുടക്കം

Friday 06 March 2026 12:50 AM IST

 മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യാന്തര സമൂഹം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഇന്ത്യ സംഘടിപ്പിക്കുന്ന റെയ്സിന ഡയലോഗ് സമ്മേളനത്തിന്

ഡൽഹിയിൽ തുടക്കം. 11-ാം എഡിഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്‌സാണ്ടർ സ്റ്റബ് മുഖ്യാതിഥിയായി. നിഷ്ക്രിയത മികച്ച തന്ത്രമല്ലെന്നും ഇന്ത്യയുടേതുപോലെ സജീവമായ ഇടപെടലാണ് പ്രധാനമെന്നും ഡോ. അലക്‌സാണ്ടർ സ്റ്റബ് പറഞ്ഞു. ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാർ ആഗോള സഹകരണവുമായി ബന്ധപ്പെട്ട ഇടപെടലിന് ഉദാഹരണമാണെന്നും വ്യക്തമാക്കി. റെയ്സിന ഡയലോഗിലെ ചർച്ചകൾ പുതിയ കഴിവുകൾ, മാനസികാവസ്ഥകൾ, ശീലങ്ങൾ, അനുമാനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി. നാളെ വരെ നടക്കുന്ന

സമ്മേളനത്തിൽ 110 രാജ്യങ്ങളിൽ നിന്ന് 2700ൽപ്പരം പ്രതിനിധികൾ പങ്കെടുക്കും. 'സംസ്‌കാരം - ഉറപ്പ്, താമസം, പുരോഗതി" എന്നതാണ് ഇത്തവണത്തെ ആശയം.

' യു.എസ് മികച്ച ബദൽ",

വ്യാപാരകരാ‌ർ അന്തിമഘട്ടത്തിൽ

ഊർജ്ജ മേഖലയിൽ അമേരിക്കയേക്കാൾ മികച്ച ബദൽ ഇന്ത്യയ്‌ക്ക് ലഭിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. 'അമേരിക്ക ആദ്യം" എന്ന ട്രംപ് ഭരണകൂടത്തിന്റെ മുദ്രാവാക്യത്തിന് അർത്ഥം അമേരിക്കയുടെ താത്പര്യം മാത്രം എന്നല്ല. മറ്റു രാജ്യങ്ങൾ അവരുടെ താത്പര്യങ്ങൾ തീർച്ചയായും പിന്തുടരണം. ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മഹത്തരമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ് പ്രതീക്ഷിക്കുന്നു. സഹകരണം ശക്തമാക്കാനും യു.എസ് ആഗ്രഹിക്കുന്നു. ഈ നൂറ്റാണ്ട് ഇന്ത്യയുടെ ഉദയം കാണാൻ പോകുകയാണ്. ഇന്ത്യയുടെ താത്പര്യങ്ങളിൽ പങ്കാളിയാകേണ്ടത് യു.എസിനെ സംബന്ധിച്ച് പ്രധാനമാണ്. ഇന്ത്യയ്‌ക്ക് അവിശ്വസനീയമായ രീതിയിൽ സാമ്പത്തിക സ്രോതസുകളുണ്ട്. ഇന്ത്യ - യു.എസ് വ്യാപാരകരാ‌ർ അന്തിമഘട്ടത്തിലാണെന്നും ക്രിസ്റ്റഫർ ലാൻഡൗ കൂട്ടിച്ചേർത്തു.