ബീഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു, മുഖ്യമന്ത്രി പദം ഒഴിയും, രാജ്യസഭയിലേക്ക് പത്രിക നൽകി

Friday 06 March 2026 12:53 AM IST

ആദ്യ ബി.ജെ.പി മുഖ്യമന്ത്രി ഏപ്രിലിൽ

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമം. ബീഹാറിൽ രണ്ടു ദശാബ്ദക്കാലം മുഖ്യമന്ത്രിയായിരുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്. മുഖ്യമന്ത്രി പദത്തിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചു. നിതീഷ് ഒഴിയുന്നതോടെ ബീഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനമേൽക്കും.

ഏപ്രിലിൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായിരിക്കും നിതീഷ് മുഖ്യമന്ത്രി പദം രാജിവയ്‌ക്കുക. പാട്‌നയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബീഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർക്കൊപ്പമാണ് നിതീഷ് പത്രിക നൽകിയത്. പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും അംഗമാകാനുള്ള ആഗ്രഹം ഇതോടെ സഫലീകരിക്കുകയാണെന്ന് നിതീഷ് പറഞ്ഞു. ആറുതവണ ലോക്‌സഭാംഗമായെങ്കിലും രാജ്യസഭയിൽ നിതീഷ് ആദ്യമാണ്.

അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ നിതീഷിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യത വിരളമാണ്. മോദി സർക്കാരിന് ജെ.ഡി.യു പിന്തുണ നിർണായകമായതിനാൽ ഡൽഹി രാഷ്‌ട്രീയത്തെ നിയന്ത്രിക്കാനാകും നിതീഷിന് താത്‌പര്യം.

മുഖ്യമന്ത്രി: ബി.ജെ.പിയിൽ ചർച്ച

ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,വിജയ് സിൻഹ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ബീഹാർ മന്ത്രി ദിലീപ് കുമാർ ജയ്‌സ്വാൾ, സഞ്ജീവ് ചൗരസ്യ എം.എൽ.എ തുടങ്ങിയവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി ചർച്ചയിലുണ്ട്. ഇവരല്ലാതെ മറ്റൊരാളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. ഒ.ബി.സി സമുദായമായ കുശ്‌വാഹക്കാരനായ സാമ്രാട്ട് ചൗധരി ബീഹാർ രാഷ്‌ട്രീയത്തിൽ വഴക്കമുള്ള നേതാവും പ്രധാനമന്ത്രി മോദിയുടെ വിശ്വസ്‌തനുമാണ്. നിത്യാനന്ദറായി യാദവ നേതാവും ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വസ്‌തനും ബീഹാർ മുൻ അദ്ധ്യക്ഷനുമാണ്. സീമാഞ്ചൽ മേഖലയിൽ നിർണായകമായ വൈശ്യ (കൽവാർ) സമുദായത്തിൽപ്പെട്ട നേതാവാണ് ജയ്‌സ്വാൾ. ബീഹാറിലെ ജാതി സമവാക്യങ്ങൾ, സംഘടനാ ശക്തി, ദീർഘകാല തിരഞ്ഞെടുപ്പ് തന്ത്രം എന്നിവ വിലയിരുത്തിയാകും ബി.ജെ.പി തീരുമാനം.

''രണ്ടു പതിറ്റാണ്ട് വിശ്വസിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത ജനങ്ങൾക്ക് നന്ദി. വികസിത ബീഹാറിനായി തുടർന്നും പ്രവർത്തിക്കും. പുതിയ സർക്കാരിന് പൂർണ പിന്തുണയും മാർഗനിർദ്ദേശവും നൽകും

-നിതീഷ് കുമാർ

''ബീഹാറിൽ ബി.ജെ.പി അട്ടിമറി നടത്തി. വോട്ടു ചെയ്‌ത ജനത്തെ വഞ്ചിച്ചു. മഹാരാഷ്‌ട്രയിൽ ഏക്‌നാഥ്ഷിൻഡെയെ മാറ്റിയതിന് സമാനമാണ് നടപടി. ഒ.ബി.സി, ദളിത് നേതാക്കളെ ബി.ജെ.പി ഉന്നത പദവിയിലിരുത്തില്ല. റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് അവർക്ക് വേണ്ടത്.

-തേജസ്വി യാദവ്,

ആർ.ജെ.ഡി നേതാവ്