ജനകീയ ഗവർണറുടെ അപ്രതീക്ഷിത പടിയിറക്കം

Friday 06 March 2026 12:54 AM IST

ന്യൂഡൽഹി: പശ്ചിമബംഗാൾ ജനതയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ സി.വി. ആനന്ദബോസ് ഗവർണർ എന്ന ഭരണാഘടനാ പദവിയുടെ മഹത്വം ലളിതവത്‌ക്കരിച്ച് മാതൃകാ പ്രവർത്തനമാണ് മൂന്നര വർഷം കാഴ്ചവച്ചത്. കേന്ദ്ര സർക്കാർ രാജ്ഭവനുകളെ ലോക്‌ഭവനുകളെന്ന് പേരുമാറ്റുന്നതിന് മുൻപു തന്നെ പൊതുജനത്തിന് പ്രവേശനം നൽകി അത് അന്വർത്ഥമാക്കി.

ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള രാഷ്‌ട്രീയപ്പോരിനിടയിലും പദവിയുടെ മഹിമ കളയാതെ ബംഗാളികളുടെ പ്രിയ ഗവർണറാകാൻ കഴിഞ്ഞു. പരിപാടികളിൽ ബംഗാളി ഭാഷയിൽ സംസാരിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ആശ്വാസവുമായി നേരിട്ടെത്തി. ഇത് പലപ്പോഴും മമതയുമായുള്ള ഏറ്റുമുട്ടലിനും വഴിവച്ചു. കേരളത്തിലേതുപോലെ സർവകലാശാലാ നിയമനങ്ങളുടെ പേരിൽ സർക്കാരും ഗവർണറും കലഹിച്ചു. ബില്ലുകൾ തിരിച്ചയയ്‌ക്കലും പിടിച്ചുവയ്‌ക്കലുമുണ്ടായി.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ക്കിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച വനിതകളെ ഗവർണർ നേരിട്ട് കണ്ടത് മമതയെ ചൊടിപ്പിച്ചു. തിരഞ്ഞെടുപ്പ് അക്രമങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ രാജ്ഭവനിൽ അദ്ദേഹം കോൾ സെന്ററും തുറന്നിരുന്നു.

കേരളത്തിൽ ക്രൈസ്‌തവ വിശ്വാസികളുമായി അടുക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയത് ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. 1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകൾ നിർമ്മിക്കാൻ രൂപം നൽകിയ നിർമിതി കേന്ദ്രത്തിനു പിന്നിൽ ആനന്ദബോസാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നിലവറ കേസിൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി തലവനായിരുന്നു.