പുലിപ്പേടിയിൽ ജനം!
കൂട്ടിക്കൽ: കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ പുലിപ്പേടി വർധിക്കുന്നു. ഓരോ ദിവസവും ഇവിടങ്ങളിൽ പുലിയെ കണ്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട് വാലുമ്മൽ മേരിക്കുട്ടിയുടെ വീടിനു സമീപം കൂട്ടിൽക്കിടന്ന നായയുടെ വാൽ അജ്ഞാത ജീവി കടിച്ചെടുത്തു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകളുടെ അടിസ്ഥാനത്തിൽ പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
വീടിന് സമീപം കാമറകൾ സ്ഥാപിച്ചുവെങ്കിലും ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. തുടർച്ചയായി ഈ പ്രദേശത്ത് പുലിയെ കാണുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലിയെ കണ്ടതായി വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതിനുമുമ്പ് പുളിക്കത്തടം മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വർഷം കൂട്ടിക്കൽ പഞ്ചായത്തിന്റെ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ മേലോരം ഭാഗത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പതിവായി ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടാകുന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.