ഗൾഫ് റൂട്ടിൽ വിമാന സ‌ർവീസുകൾ വർദ്ധിച്ചു

Friday 06 March 2026 7:15 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് താറുമാറായ ഗൾഫ് വിമാനസർവീസുകൾ സാധാരണനിലയിലേക്ക് എത്തിയില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ വിമാനസ‌ർവീസുകൾ വർദ്ധിച്ചു. സ്‌പൈസ് ജെറ്റ് ഇന്നലെ മുതൽ നാളെ വരെ 20 സ‌‌ർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഇന്നലെ യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് ഡൽഹി,​ മുംബയ് എന്നിവിടങ്ങളിലേക്ക് ആറു സർവീസുകളും ദുബായിൽ നിന്ന് മുംബയിലേക്ക് ഒരു സർവീസും നടത്തി. ഇന്ന് ഫുജൈറയിൽ നിന്ന് ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്ക് 12 സ‌ർവീസുകൾ നടത്തും. നാളെ ഫുജൈറയിൽ നിന്ന് മുംബയിലേക്ക് ഒരു സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എയർ ഇന്ത്യ മുംബയ്- ദുബായ്- ഡൽഹി, മുബയ്- ജിദ്ദ- മുംബയ്, ഡൽഹി- ജിദ്ദ- ഡൽഹി റൂട്ടുകളിൽ സ‌ർവീസ് നടത്തി. അതേസമയം, പശ്ചിമേഷ്യയിലെ നിയന്ത്രണമുള്ള വ്യോമപാതയ്‌ക്ക് മുകളിലൂ‌ടെ പറന്നുവെന്ന അഭ്യൂഹങ്ങൾ എയർ ഇന്ത്യ തള്ളി. ജിദ്ദ, മസ്‌കറ്റ്, മദീന, ഏതൻസ് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ സ‌ർവീസുകൾ തുടരുന്നു. അബുദാബിയിൽ നിന്ന് മുംബയ്- ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കും ദുബായിൽ നിന്ന് അഹമ്മദാബാദ്- ചെന്നൈ- ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇൻഡിഗോ വിമാനസ‌ർവീസുകളുണ്ട്.

കേരളത്തിലേക്കും

എയർ ഇന്ത്യ എക്‌സ്‌പ്രസ് മസ്‌കറ്റിലേക്കും തിരിച്ചും ഇന്നലെ ഡൽഹി, മുംബയ് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തി. സൗദി അറേബ്യയിലെ റാസൽ ഖൈമയിൽ നിന്ന് കൊച്ചി, ഡൽഹി, മുംബയ് റൂട്ടുകളിൽ നാളെ വരെ പ്രത്യേക സർവീസ് നടത്തുമെന്നും അറിയിച്ചു. എമിറേറ്റ്സ് തിരുവനന്തപുരം, ചെന്നൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിലേക്കും ഇന്നലെ സർവീസ് ക്രമീകരിച്ചു. ദുബായിയിൽ നിന്ന് ഫ്ലൈ ദുബായ് കൊച്ചി, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും എയർ അറേബ്യ അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കും സർവീസ് നടത്തി. എത്തിഹാദ് അബുദാബിയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തി.

സൗജന്യ റീഷെഡ്യൂളിംഗ്

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും യു.കെ, യൂറോപ്പ് റൂട്ടുകളിലേക്കും ഫെബ്രുവരി 28നും അതിനു മുൻപും ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് റീഷെഡ്യൂളിംഗിന് പ്രത്യേക നിരക്ക് നൽകേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നുവെങ്കിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും. 10 വരെയുള്ള ടിക്കറ്റ് എടുത്തവർക്കാണിത്.