'ഇറാൻ ദൗത്യം പൂർത്തിയാക്കിയാലുടൻ തുടങ്ങും'; അടുത്ത ലക്ഷ്യം ഏത് രാജ്യമെന്ന് പ്രഖ്യാപിച്ച് ട്രംപ്

Friday 06 March 2026 8:46 AM IST

വാഷിംഗ്‌ടൺ: ഇറാനുശേഷം തന്റെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിനുപിന്നാലെ കരീബിയൻ ദ്വീപായ ക്യൂബയിൽ യുഎസ് ഊർജ്ജ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ക്യൂബൻ കുടിയേറ്റക്കാരുടെ മകനും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

"നമുക്ക് ഇത് ആദ്യം പരിഹരിക്കണം, പൂർത്തിയാക്കണം. നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുകയാണ്'- എന്നാണ് വൈറ്റ് ഹൗസിൽ നടന്ന സ്വീകരണത്തിൽ ട്രംപ് വ്യക്തമാക്കിയത്.

ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്നാണ് യുഎസ് ഊർജ്ജ ഉപരോധം ഏർപ്പെടുത്തിയത്. ജനുവരി ഒൻപത് മുതൽ ക്യൂബയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. ഇതിന്റെ ഫലമായി രാജ്യത്തേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായി. ക്യൂബയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.

ഇറാനെതിരെ സെപ്തംബർ വരെ യുദ്ധം തുടരാൻ യുഎസ് സജ്ജമാണെന്നാണ് റിപ്പോർട്ട്. മേഖലയിൽ യുഎസിന്റെ ഇന്റലിജൻസ് സാന്നിദ്ധ്യവും വർദ്ധിപ്പിച്ചിരിക്കുകയാണ്. സംഘർഷം ഒരു മാസത്തോളം നീളുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. എന്നാൽ അതിനപ്പുറത്തേക്കും നീണ്ടേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ രാജ്യത്തിനകത്ത് തന്നെ സായുധ കലാപം സൃഷ്ടിക്കാനും യുഎസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുർദ്ദിഷ് സായുധ ഗ്രൂപ്പുകളുമായി യുഎസ് ചർച്ച നടത്തിയെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം ആരോപിച്ചു. ഇറാനിയൻ സുരക്ഷാ സേനകൾക്കെതിരെ കലാപം അഴിച്ചുവിടുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും പറയുന്നു.