അമൃതകിരണം സ്ത്രീ ആദരിക്കപ്പെടേണ്ടത് പുരുഷന്റെ ആവശ്യം

Sunday 08 March 2026 1:49 PM IST

ഇന്നും ലോകത്തിന്റെ പല ഭാഗത്തും സ്ത്രീകൾ രണ്ടാംതരം പൗരന്മാരെപ്പോലെയാണ് ജീവിക്കുന്നത്. ലോകമെമ്പാടും സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും കാര്യമായ കുറവൊന്നുമില്ല. ഈ പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം എന്നു ചിലർ ചോദിക്കാറുണ്ട്. ലോക ചരിത്രം പൊതുവേ നോക്കിയാൽ സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. പക്ഷേ പണ്ട് സ്ത്രീകൾ പൊതുവെ ഉപജീവനത്തിനായി ജോലി ചെയ്തിരുന്നില്ല. വീട്ടിനകത്തെ ചുമതലകൾ നിർവഹിക്കേണ്ട ഉത്തരവാദിത്തം അവർക്കായിരുന്നു. അതിനുള്ള അധികാരവും കഴിവും പരിശീലനവും അവർക്കുണ്ടായിരുന്നു. ശക്തമായ ഒരു മൂല്യവ്യവസ്ഥ അന്നുണ്ടായിരുന്നു. ക്രമേണ ആ മൂല്യങ്ങൾ ക്ഷയിച്ചു തുടങ്ങി. അതോടെ സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തിനും അവരോടുള്ള ബഹുമാനത്തിനും കോട്ടം തട്ടി. ആത്മീയതലത്തിൽ സ്ത്രീപുരുഷ വ്യത്യാസമില്ല. എല്ലാവരും ഒരേ ആത്മാവാണ്. ഒരേ ബോധമാണ്. വ്യത്യാസങ്ങൾ ബാഹ്യമാണ്. ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെ സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിൽ തുല്യപ്രാധാന്യമാണുള്ളത്. ഇരുകൂട്ടരും ഇത് അംഗീകരിച്ചാൽ മാത്രമേ സമൂഹത്തിൽ താളലയം നിലനിർത്താൻ സാധിക്കൂ. സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന പലരും പഴയ തെറ്റിനെ പുതിയ തെറ്റുകൊണ്ട് തിരുത്താൻ ശ്രമിക്കുന്നത്. ഒരു മോൾ ചോദിച്ചു. 'അമ്മേ, പുരുഷന്മാരാണ് ഇത്രയും കാലം ലോകത്തെ ഭരിച്ചത്. ഇന്നിപ്പോൾ സ്ത്രീകൾക്കു ലോകത്തെ ഭരിക്കാനുള്ള സമയമായി എന്ന് അമ്മയ്ക്കു തോന്നുന്നില്ലേ? ' ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് തിരുത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് അമ്മ ആ മോളോടു പറഞ്ഞു. സ്ത്രീപുരുഷനെയോ പുരുഷൻ സ്ത്രീയെയോ ഭരിക്കുകയല്ല വേണ്ടത്, സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യമാണ് നമുക്ക് വേണ്ടത്. ആണുങ്ങൾ ഇത്രയും കാലം ഭരിച്ചല്ലോ, ഇനി പെണ്ണുങ്ങൾ ഭരിക്കട്ടെയെന്ന് വാദിച്ചിട്ട് കാര്യമില്ല. ഇന്നത്തെ പ്രശ്നങ്ങൾക്കു അതൊരു പരിഹാരമാവില്ലെന്നുമാത്രമല്ല, പ്രശ്നങ്ങൾ ഒന്നുകൂടി വഷളാക്കാനേ അതു സഹായിക്കൂ. സ്ത്രീകൾ വേണ്ടവിധം ആദരിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ടത് പുരുഷന്റെ കൂടി ആവശ്യമാണ്. കാരണം സ്ത്രീ ദുഃഖിതയും അടിച്ചമർത്തപ്പെട്ടവളും ആയാൽ അവളിൽ നിന്ന് പുരുഷനും സമൂഹത്തിനും കിട്ടേണ്ടത് കിട്ടാതാകും. അവൾക്കുണ്ടാകുന്ന സന്താനങ്ങളെയും അതു ബാധിക്കും. അവരുടെ മാനസിക ആരോഗ്യത്തെയും കഴിവുകളെയും അതുബാധിക്കും. അങ്ങനെ പോയാൽ മനുഷ്യവർഗ്ഗത്തിന്റെ തന്നെ കഴിവുകൾ കുറയും. മനുഷ്യർ കൂടുതൽ ദുഃഖിതരും അശാന്തരുമാകും. സ്ത്രീ അമ്മയാണെന്നും തലമുറകളെ സൃഷ്ടിക്കുന്നവളാണെന്നുമുള്ള കാര്യം പുരുഷൻ ഒരിക്കലും മറക്കരുത്. അതിനാൽ ചെറുപ്പം മുതൽ തന്നെ സ്ത്രീക്ക് ആത്മവിശ്വാസവും കാര്യശേഷിയും ഉണ്ടാക്കുന്ന രീതിയിൽ അവരെ വളർത്തണം. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം ധർമ്മബോധവും മൂല്യബോധവും അവരിൽ ഉണർത്തണം. നല്ല സംസ്‌ക്കാരം അവർക്കു പകർന്നു കൊടുക്കണം. ഇതെല്ലാം തന്നെ ആൺകുട്ടികൾക്കും നൽകണം. ചെറുപ്പം മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഇങ്ങനെ വളർന്നാൽ അവർ പരസ്പരം ആദരിക്കാനും അംഗീകരിക്കാനും പഠിക്കും. സ്ത്രീകളും പുരുഷന്മാരും പരസ്പരം ബഹുമാനിക്കും. ആരോഗ്യമുള്ള സമൂഹം യാഥാർത്ഥ്യമാകും.

ശ്രീ മാതാ അമൃതാനന്ദമയീ ദേവി