മനസിന് ധൈര്യം കിട്ടാനും ഐശ്വര്യത്തിനും വേണ്ടി നൂറ്റാണ്ടുകളായി ഇന്ത്യക്കാർ ചെയ്യുന്ന കാര്യം, ഗ്രഹപിഴകളും അകലുമെന്ന് വിശ്വാസം

Friday 06 March 2026 11:37 AM IST

ജീവിത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അകറ്റാനും മനോധൈര്യം കിട്ടാനും നിരവധി വഴിപാടുകൾ പലരും കഴിക്കാറുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങളിൽ ഇതിനായി വൃക്ഷങ്ങളെ ആരാധിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യയിൽ വളരെ പ്രാധാന്യമുള്ളതാണ് ആൽമരങ്ങൾ. ഹിന്ദു വിശ്വാസപ്രകാരം അരയാലിന്റെ വേരിൽ ബ്രഹ്മാവും തടിയിൽ വിഷ്‌ണുവും മുകളിൽ ശിവനും കുടികൊള്ളുന്നു എന്നാണ്. ബുദ്ധമതത്തിൽ ശ്രീബുദ്ധന് ബോധോദയം ഉണ്ടായത് ഗയയിലെ അരയാൽ ചുവട്ടിൽ ധ്യാനത്തിലൂടെയാണ്. ഇതോടെ അരയാലിന് ബോധിവൃക്ഷം എന്ന് പേരും വന്നു. താൻ ധ്യാനിച്ച ബോധിവൃക്ഷത്തെ ആരാധിക്കാൻ ബുദ്ധൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ക്ഷേത്രങ്ങളുടെ ഉള്ളിലോ സമീപത്തോ ആയി അരയാലുകൾ കാണപ്പെടാറുണ്ട്. ഇവ ചുറ്റുമുള്ള പൊടികളെയും മറ്റും വലിച്ചെടുത്ത് ശുദ്ധമായ ഓക്‌സിജൻ പുറത്തുവിടും. അതിനാൽ നമുക്ക് ആൽമരച്ചുവട്ടിലെത്തിയാൽ തണലും തണുപ്പും നേരിട്ട് അനുഭവപ്പെടാനാകും. ആര്യന്മാർ ആരാധിച്ചിരുന്നതിനാലാണ് അരയാൽ എന്ന പേരുവന്നതെന്ന് പറയാറുണ്ട്. ദ്രാവിഡ സംസ്‌കാരത്തിലും വളരെ പ്രാധാന്യമുള്ള വൃക്ഷംതന്നെയാണ് അരയാൽ. ഒരു ക്ഷേത്രത്തിലെത്തുമ്പോൾ അരയാലിനെ തൊഴുത് പ്രദക്ഷിണം വച്ചുവേണം അകത്തേക്ക് കയറാനെന്നാണ് പറയപ്പെടുന്നത്. ഇതിലൂടെ മനസിന് കുളിർമയും ശാന്തതയും ലഭിക്കും.

ജ്യോതിഷാചാര്യന്മാർ പറയുന്നതനുസരിച്ച് പൂയം നക്ഷത്രത്തിലെ വൃക്ഷമാണ് അരയാൽ. ഗ്രഹങ്ങളുടെ ദോഷമുള്ളവർ എന്നും ആൽമരത്തെ ഏഴുതവണ പ്രദക്ഷിണം ചെയ്യുന്നത് ഉചിതമാണെന്ന് വിശ്വാസം. 108 തവണ പ്രദക്ഷിണം ചെയ്യാൻ സാധിക്കുമെങ്കിൽ അശ്വമേധ യാഗം ചെയ്‌താൽ കിട്ടുന്നത്ര പുണ്യം നേടാൻ സാധിക്കും എന്നും പറയാറുണ്ട്. ആഴ്ചയിൽ ഓരോ ദിവസവും ആലിനെ വലംവയ്‌ക്കുന്നത് വിവിധ തരത്തിൽ ഗുണകരമാണ്.

ഏഴുദിവസവും പ്രദക്ഷിണം വച്ചാൽ അഭിവൃദ്ധിയും ശ്രേയസുമുണ്ടാകും. ഓരോ ദിവസത്തെയും കണക്ക് ഇങ്ങനെയാണ്. ഞായർ-രോഗശാന്തി, തിങ്കൾ- മംഗല്യഭാഗ്യം, അന്ന് അമാവാസിയുമുണ്ടെങ്കിൽ പാപനാശം, ചൊവ്വ-ജീവിതവിജയം, ബുധനും വ്യാഴവും വ്യാപാര വിജയവും വിദ്യാ വിജയവും, വെള്ളിയാഴ്‌ച ഐശ്വര്യം, ശനിയാഴ്‌ച സങ്കടമോചനം ലഭിക്കും. മനോധൈര്യം വ‌‌ർദ്ധിക്കാനും അരയാൽ സഹായിക്കും എന്ന് വിശ്വാസമുണ്ട്. പുലർച്ചെയാണ് അരയാലിനെ പ്രദക്ഷിണം ചെയ്യേണ്ടത്. ഉച്ചകഴിഞ്ഞോ, തൃസദ്ധ്യയ്‌ക്കോ, രാത്രിയോ അരയാലിനെ പ്രദക്ഷിണം ചെയ്യാനേ പാടില്ല. ആയുർവേദത്തിൽ ത്വക് രോഗങ്ങൾക്കും കരൾ രോഗങ്ങൾക്കും ആൽമരത്തിന്റെ വിവിധ ഭാഗങ്ങൾ ചേർത്ത് മരുന്നുകൾ തയ്യാറാക്കാറുണ്ട്.