പത്താം ക്ലാസ് പാസാകാത്തവർക്കും സർക്കാർ ജോലി നേടാം; ശമ്പളം 42,000 വരെ, ഉടൻ അപേക്ഷിക്കൂ
കെഎസ്‌എഫ്‌ഇ വാച്ച്‌മാൻ, പ്യൂൺ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷകൾ ക്ഷണിച്ചു. 11 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഏപ്രിൽ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. പിഎസ്‌സി വഴി നേരിട്ടാണ് നിയമനവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,500 രൂപ മുതൽ 42,900 രൂപ വരെ ശമ്പളം ലഭിക്കും. കേരളത്തിലെ വിവിധ ജില്ലകളിലാകും നിയമനം.
05/2026 എസ്‌ഐയുസി നാടാർ - ഒരു ഒഴിവ്, 06/2026 ഈഴവ, തിയ്യ, ബില്ലവ - രണ്ട് ഒഴിവുകൾ, 07/2026 പട്ടികവർഗം - രണ്ട് ഒഴിവുകൾ, 08/ 2026 മുസ്ലീം - രണ്ട് ഒഴിവുകൾ, 09/2026 ധീവര - ഒരു ഒഴിവ്, 10/2026 ഒബിസി - ഒരു ഒഴിവ്, 11/2026 ലത്തീൻ കത്തോലിക്കൻ, ആംഗ്ലോ ഇന്ത്യൻ - ഒരു ഒഴിവ്, 12/2026 വിശ്വകർമ്മ - ഒരു ഒഴിവ്.
ആറാം ക്ലാസ് (പുതിയ പാറ്റേൺ) വിജയിക്കുകയോ തത്തുല്യമായ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന യോഗ്യത. ഇതിന് പുറമേ അപേക്ഷകർക്ക് കെഎസ്‌എഫ്‌ഇയിൽ കുറഞ്ഞത് മൂന്നുവർഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം. 1992 മാര്‍ച്ച് 23ലെ നമ്പര്‍ 4333 പ്രകാരമുള്ള കെഎസ്‌എഫ്‌ഇ റിക്രൂട്ട്മെന്റ് നിയമ ഭേദഗതി അനുസരിച്ചാണിത്. പ്രായപരിധി 18 - 50. പിഎസ്‌സി ഔദ്യോഗിക മാനദണ്ഡങ്ങൾ അനുസരിച്ച് എഴുത്ത് പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.