അമേരിക്കയെ ശരിക്കും ഞെട്ടിച്ച് ഇറാൻ,​ അറബ് രാജ്യങ്ങളിൽ വരുത്തിവച്ചത് വലിയ കേടുപാട്

Friday 06 March 2026 12:45 PM IST

ഫെബ്രുവരി 28ന് ഇറാനെ ഇസ്രയേലും അമേരിക്കയും ചേർന്ന് ആക്രമിച്ചു എന്ന വാർത്തയാണ് ലോകമാകെ കേട്ടത്. ഇറാനിലെ 31 പ്രവിശ്യകളിൽ 20ലും ആക്രമണം നടന്നതായി വാർത്തകൾ വന്നു. എന്നാൽ വൈകാതെ ഇറാൻ അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രയേലിന് നേരെയും മിസൈൽ ആക്രമണം നടത്തി. അമേരിക്കൻ മിസൈൽ സംവിധാനങ്ങൾക്ക് ഈ ആക്രമണത്തെ പ്രതിരോധിക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനുപുറമേ ഇറാൻ അമേരിക്കയ്‌ക്ക് വരുത്തിവച്ച മറ്റൊരു പ്രതിരോധ ആഘാതത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സിഎൻഎൻ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളനുസരിച്ച് അമേരിക്കയുടെ മിസൈൽ പ്രതിരോധത്തിനായുള്ള റഡാർ സംവിധാനങ്ങൾക്ക് ഇറാൻ കാര്യമായ കേടുപാട് വരുത്തിയെന്നാണ് വിവരം. പ്രത്യേകിച്ച് ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ അവർ സ്ഥാപിച്ചത്. ഇറാന്റെ ആദ്യ തിരിച്ചടി സമയത്താണ് ഇവ തകർന്നതെന്നാണ് സൂചന. അറേബ്യൻ രാജ്യങ്ങളിൽ മിസൈലുകൾ കണ്ടെത്തുന്നതിന് അമേരിക്ക സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങൾക്കെല്ലാം വ്യാപക നാശമാണുണ്ടായത്. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) എന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും നശിപ്പിക്കുന്നതിനുമുള്ള റഡാറുകളാണ് തകർന്നടിഞ്ഞത്. ശത്രുസാന്നിദ്ധ്യം നേരത്തെ കണ്ടെത്തി പ്രതിരോധിക്കാൻ ഇതിലൂടെ അമേരിക്കൻ സൈന്യത്തിന് കഴിയാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്‌തത്. അത്യാധുനിക സെൻസറുകൾ വഴി മിസൈൽ, ഡ്രോണുകൾ എന്നിവയെ താഡ് തിരിച്ചറിഞ്ഞിരുന്നു.

ജോർദാനിലെ മുവ്വഫഖ് സൾട്ടി എയർബേസിൽ അമേരിക്ക താഡ് മിസൈലുകളുടെ വലിയ പ്രതിരോധം ഒരുക്കിയിരുന്നു. ഇവിടെ അവയുടെ സ്ഥാനത്ത് രണ്ട് വലിയ ഗർത്തങ്ങൾ കാണാനായി. 13 അടി താഴ്‌ചയുള്ള ഗർത്തങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം തവണ ഒരേസ്ഥലത്ത് ആക്രമണമുണ്ടായി എന്നതിന്റെ തെളിവാണിത്. മാർച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഇറാൻ ആക്രമണം നടത്തിയിരിക്കുന്നത്. അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക താവളം ഇവിടെയായിരുന്നു. അമേരിക്ക നീക്കം ആരംഭിക്കും മുൻപ് ഇവിടെ 50 ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും യാത്രാവിമാനങ്ങളും ഉണ്ടായിരുന്നു.

സമാനമായ നാശനഷ്‌ടമാണ് അമേരിക്കയ്‌ക്ക് യുഎഇയിലുമുണ്ടായത്. റുവായിസിലും സദെറിലും അമേരിക്കയുടെ താഡ് റഡാറുകൾ നശിച്ചു. ഫെബ്രുവരി 28നും മാർച്ച് ഒന്നിനുമിടെ ഒരിടത്ത് മൂന്നും മറ്റൊരിടത്ത് നാലും കെട്ടിടങ്ങൾ മിസൈലാക്രമണത്തിൽ തകർന്നു. ചിലയിടത്ത് വാഹന ഷെഡുകളും തക‌ർന്നിട്ടുണ്ട്. താഡ് ബാറ്ററികളുമായി ബന്ധപ്പെട്ട മൊബൈൽ റഡാർ സംവിധാനം സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. എന്നാൽ ആക്രമണം നടന്ന സമയത്ത് ഇവ ഇവിടെയുണ്ടായിരുന്നോ എന്ന് വ്യക്തതയില്ല.

ഖത്തറിലും ഇത്തരത്തിൽ റഡാർ‌ സംവിധാനത്തെ തകർ‌ത്തിരുന്നു. ഉം ദഹലിലെ യുഎസ് റഡാർ സംവിധാനത്തെ തകർത്തു. അതേസമയം ഈ മേഖലകളിലെ റഡാർ സംവിധാനങ്ങളുടെ വിന്യാസത്തെകുറിച്ചോ മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചോ പെന്റഗൺ വൃത്തങ്ങൾ ഇതുവരെ ചർച്ചചെയ്യാൻ തയ്യാറായിട്ടില്ല. സംഘർഷം ആരംഭിച്ചശേഷം യുഎഇയിൽ ഇതുവരെ 1072 ഡ്രോൺ ആക്രമണങ്ങളും 196 ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും നടന്നിട്ടുണ്ട്. മേഖലയിൽ ഏറ്റവുമധികം ആക്രമണം നടന്നിട്ടുള്ളത് ഇവിടെയാണ്.