സായിയോടൊപ്പം ഇത്തവണ ചുവടുമായി കയാദു ലോഹർ
തമിഴിലെ യുവസംഗീത സംവിധായകനും ഗായകനുമായ സായ് അഭ്യങ്കറുടെ അഞ്ചാമത്തെ ഇൻഡിപെൻഡന്റ് മ്യൂസിക് സിംഗിൾ പുറത്തിറങ്ങി. 'പവഴ മല്ലി" എന്നു പേരിട്ട ഗാനം ആലപിച്ചത് സായ് അഭ്യങ്കറാണ്. ഒപ്പം നടിയും ഗായികയുമായ ശ്രുതിഹാസനുമുണ്ട്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ തിങ്ക് ഇൻഡി പരമ്പരയുടെ ഭാഗമാണ് 'പവഴമല്ലി." സായ്‌യും കയാദു ലോഹറും 'പവഴമല്ലി"യിൽ ചുവടുവയ്ക്കുന്നു. സായ്‌യുടെ ആദ്യ ഇൻഡിപെൻഡന്റ് സിംഗിളായ 'കച്ചിസേറ "യിൽ നടി സംയുക്ത വിശ്വനാഥനായിരുന്നു ഒപ്പം. സായിയെ സെൻസേഷണൽ ഗായകനും സംഗീത സംവിധായകനുമാക്കിയ 'ആസ കൂട" ഗാനത്തിൽ പ്രീതീ മുകുന്ദനും . 'സിത്തിര പുത്തിരി"യിൽ മീനാക്ഷി ചൗധരിയും 'വീഴി വിക്കുരാ"യിൽ സാൻവി മേഘ്‌നയുമായിരുന്നു. 'ആസ കൂട"യ്ക്കുശേഷം സംവിധായകൻ തേജു ഭരദ്വാജിനൊപ്പം സായ് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പവഴമല്ലിക്കുണ്ട്. 'സിത്തിര പുത്തിരി"ക്ക് വരികൾ എഴുതിയ വിവേക് തന്നെയാണ് പുതിയ സിംഗിളിന്റെയും ഗാനരചയിതാവ്. യുട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചതാണ് 'കച്ചിസേറ"യും 'ആസ കൂട"യും. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. വിക്കിപവ് എഡിംഗും വി.എഫ്.എക്‌സും നിർവഹിക്കുന്നു. മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയ കൊറിയോഗ്രാഫർ എം.ഷെരീഫ് ആണ് മ്യൂസിക് വീഡിയോയ്ക്ക് ചുവടുകൾ ഒരുക്കിയിരിക്കുന്നത്.