ജയൻ നമ്പ്യാർ ചിത്രത്തിൽ ജോജു ജോർജ്

Saturday 07 March 2026 6:00 AM IST

വിലായത്ത് ബുദ്ധയ്ക്കുശേഷം ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ് നായകൻ. കാടിന്റെ പശ്ചാത്തലത്തിൽ ആണ് ജയൻ നമ്പ്യാരുടെ രണ്ടാമത്തെ ചിത്രവും എന്നാണ് വിവരം . ജി.ആർ ഇന്ദുഗോപൻ ആയിരിക്കും രചന. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. താര നിർണയം പൂർത്തിയായി വരുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് നായകനായ വിലായത്തു ബുദ്ധയിലൂടെയാണ് സംവിധായകനായി ജയൻ നമ്പ്യാരുടെ അരങ്ങേറ്റം. ജി. ആർ. ഇന്ദുഗോപന്റെ രചനയിൽ പുറത്തിറങ്ങിയ വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജും ഷമ്മിതിലകനുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജി.ആർ. ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയുടെ ചലച്ചിത്രാവിഷ്കാരം ആയിരുന്നു. അതേ സമയം വരവ്, ആശ എന്നീ ചിത്രങ്ങളാണ് ജോജു ജോർജ് നായകനായി റിലീസിന് ഒരുങ്ങുന്നത്. വിഷുവിന് റിലീസ് ചെയ്യുന്ന വരവ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു.

പൂർണമായും ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ നേടിയ പോളി എന്ന പോളച്ചന്റെ , ജീവിത പോരാട്ടത്തിന്റെ കഥ പറയുന്നു. മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ , കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാജി കൈലാസിനുവേണ്ടി എ.കെ. സാജൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ് , കലാസംവിധാനം സാബു റാം, .ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം.