സാറ അർജുന്റെ വളർച്ചയിൽ സന്തോഷിക്കുന്നുവെന്ന് എ.എൽ. വിജയ്
ആഗോള ബോക്ലോഫീസിൽ 1400 കോടിക്ക് മുകളിൽ വാരിക്കൂട്ടിയ ധുരന്ദർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നായിക സാറ അർജ്ജുൻ തനിക്ക് മകളെപ്പോലെയെന്ന് തമിഴ് സംവിധായകൻ എ.എൽ.വിജയ്. 2011 ൽ എ.എൽ.വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകൾ എന്ന ചിത്രത്തിൽ ബാലതാരമായാണ് സാറ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. "സാറ എനിക്കെന്റെ മകളെ പോലെയാണ്, കാരണം അവൾ സ്വന്തം മാതാപിതാക്കളേക്കാൾ കൂടുതൽ സമയം എന്നോടൊപ്പമാണ് ചിലവഴിക്കുന്നത്. ഓരോ പരീക്ഷാ അവധിയിലും അവൾ എന്റെ വീട്ടിലേക്ക് വരാറുണ്ട്. സാറയെകുറിച്ച് എനിക്ക് വളരെ അഭിമാനമുണ്ട്, എന്റെ മകൾ ഒരു വലിയ താരമായി വളർന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഞങ്ങൾ സംസാരിക്കാറുണ്ട്. അവൾ വളരെ അച്ചടക്കമുള്ള കുട്ടിയാണ്. ധുരന്ദർ ടീമിനോട് സംസാരിക്കുമ്പോൾ അവളെ കുറിച്ച് അവർ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് വലിയ അഭിമാനം തോന്നുന്നു." എ.എൽ. വിജയ് യുടെ വാക്കുകൾ.
അതേസമയം ജനിച്ച് 18-ാം മാസം മുതൽ മുൻനിര ബ്രാന്റുകളുടെ മുഖം ആയിരുന്നു സാറ, ഏഴു വയസായപ്പോൾ നൂറിലധികം പരസ്യങ്ങളിൽ അഭിനയിച്ചു. പൊന്നിയൻ സെൽവനിൽ ഐശ്വര്യറായുടെ കുട്ടിക്കാലം അഭിനയിച്ചതിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി. ഇതിനോടകം തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. 'ആൻ മരിയ കലിപ്പിലാണ്" എന്ന ചിത്രത്തിലൂടെയാണ് സാറ അർജുൻ മലയാളത്തിന്റെ മനം കവരുന്നത്. ഇരുപതു വയസിനുള്ളിൽ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളായി സാറ അർജുൻ മാറിയതിന്റെ അത്ഭുതത്തിലാണ് സിനിമാലോകം . 1400 കോടി രൂപക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ധുരന്ദർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന യുവതാരങ്ങളിലൊരാളായി മാറി. ധുരന്ദറിന്റെ ഓഡിഷനിൽ എത്തിയ ആയിരത്തിലധികം പേരെ പിന്തള്ളിയാണ് സാറ അർജുൻ രൺവീർസിംഗിന്റെ നായികയായത്.