പാർക്കിംഗിന്റെ പേരിൽ അനധികൃത പിരിവ്

Saturday 07 March 2026 12:20 AM IST

നിരത്തിൽ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതനുസരിച്ചുള്ള പാർക്കിംഗ് സൗകര്യങ്ങളാകട്ടെ നഗരത്തിൽ ലഭ്യവുമല്ല. നോ പാർക്കിംഗ് എന്ന ഒരു ബോർഡ് വച്ചല്ല ഇത് പരിഹരിക്കേണ്ടത്. അനധികൃത പാർക്കിംഗിന്റെ പേരിൽ ഒരു തവണയെങ്കിലും പെനാൽറ്റി നൽകാത്തവർ നഗരത്തിൽ കുറവാണ്. പാർക്കിംഗിനുള്ള ഈ സൗകര്യക്കുറവ് പലരും മുതലെടുക്കുകയും ചെയ്യുന്നു.

ആറ്റുകാൽ പൊങ്കാലയർപ്പിക്കാൻ എത്തിയ ഭക്തരെ മുൻ വർഷങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഇത്തവണ സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ മുതലെടുക്കുകയും ചെയ്തു. കോർപ്പറേഷനിൽ നിന്ന് യാതൊരു അനുമതിയും വാങ്ങാതെ പ്രവർത്തിക്കുന്ന സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിലാണ് അനധികൃത പിരിവ് നടന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ തിരുവനന്തപുരം മേയർ വി.വി. രാജേഷിനോട് ഡ്രൈവർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് അനധികൃത പിരിവിന്റെ വ്യാപ്‌തി പൊതുജനങ്ങൾക്ക് കൂടുതൽ ബോദ്ധ്യമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഐരാണിമുട്ടത്ത് താത്‌കാലികമായി തട്ടിക്കൂട്ടിയ പാർക്കിംഗ് കേന്ദ്രം നിറുത്തിവയ്പ്പിച്ചു. തുടർന്ന് അനുവദനീയമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി നൽകുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാലയിടാൻ വരുന്നത്. അതിൽ ദൂരെസ്ഥലങ്ങളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ എവിടെയെങ്കിലും പാർക്ക് ചെയ്തേ മതിയാവൂ. ഇങ്ങനെ ആവശ്യക്കാർ കൂടിയതാണ് തോന്നിയ നിരക്ക് ചാർജ് ചെയ്യാൻ പ്രേരണയായത്.

പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കോർപ്പറേഷൻ ഏർപ്പെടുത്തിയ കർശനമായ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു അനധികൃത പാർക്കിംഗ് പിരിവ്. അയൽ ജില്ലകളിൽ നിന്നും എത്തിയവരാണ് പ്രധാനമായും കൊള്ളയ്ക്ക് ഇരയായത്. വലിയ കാർ പാർക്ക് ചെയ്യാൻ 400 രൂപ വരെയാണ് ഇവർ ഈടാക്കിയത്. വലിയ ബസുകൾക്ക് 750 മുതൽ 1000 രൂപ വരെയും വാങ്ങി. ഇതിനായി അവർ രസീതും അടിച്ച് വിതരണം ചെയ്തു. ക്ഷേത്രപരിസരത്ത് കാടുമൂടിക്കിടന്ന പ്രദേശങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കി ഒട്ടേറെ പാർക്കിംഗ് കേന്ദ്രങ്ങൾ അനധികൃതമായി തുറന്ന് പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബോദ്ധ്യപ്പെട്ടെന്ന് കോർപ്പറേഷൻ തന്നെ വ്യക്തമാക്കി.

സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ തുറക്കാൻ ലൈസൻസ് നേടണം എന്നാണ് കോർപ്പറേഷൻ കൗൺസിൽ പാസാക്കിയ നിയമാവലിയിലെ നിർദ്ദേശം. ഓരോതരം വാഹനങ്ങളിൽ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്. എന്നാൽ അനധികൃത പാർക്കിംഗ് കേന്ദ്രങ്ങൾക്ക് ഇതൊന്നും ബാധകമല്ല. കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിൽ നിലവിൽ നടക്കുന്ന പിരിവ് അനധികൃതമാണെന്നാണ് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ആറ്റുകാൽ പൊങ്കാലക്കെത്തിയ ബസുകളിൽ നിന്ന് 750 രൂപ ഗാന്ധിപാർക്കിൽ ഫീസ് വാങ്ങിയെന്ന് രസീത് സഹിതം മേയർ വ്യക്തമാക്കി. ഐരാണിമുട്ടത്തും എസ്.എം.വി സ്‌കൂളിലും മേയർ നേരിട്ടെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചതിന് ശേഷം കൂടുതൽ പരാതികൾ ലഭിച്ചു. കോർപ്പറേഷന്റെ ഉടമസ്ഥതയിലാണ് ഗാന്ധിപാർക്ക്. അവിടെ കരാറെടുത്തിരുന്ന വ്യക്തി കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഇയാളുടെ കരാർ റദ്ദാക്കിയിരുന്നു. എന്നിട്ടും ഈ കരാറുകാരന്റെ ആളുകൾ തന്നെയാണ് ഇപ്പോഴും ഇവിടെ പണം പിരിക്കുന്നത്. ഇയാളെ ഗാന്ധിപാർക്കിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് കോർപ്പറേഷൻ പരാതി നൽകിയിരിക്കുകയാണ്.

അനധികൃത പാർക്കിംഗ് കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനോടൊപ്പം നഗരത്തിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കാൻ കോർപ്പറേഷനും സർക്കാരും സംയുക്തമായി നടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമാണ്. നഗരം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് വർഷം കഴിയുമ്പോൾ ഇപ്പോഴുള്ളതിന്റെ ഇരട്ടി വാഹനങ്ങൾ നഗരത്തിൽ വർദ്ധിക്കാം. അതിനാൽ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ, വിദഗ്ദ്ധ സമിതിയുടെ പഠനത്തിനുശേഷം വേണം പദ്ധതി വിഭാവനം ചെയ്യേണ്ടത്. ഒരു വർഷത്തിനകം അത്തരം നടപടികൾ തുടങ്ങിവച്ചില്ലെങ്കിൽ അടുത്ത തവണയും ആറ്റുകാൽ പൊങ്കാലക്കെത്തുന്ന ഭക്തർ ചൂഷണം ചെയ്യപ്പെടും.