വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റിക്കാർഡ്

Saturday 07 March 2026 12:15 AM IST

മൂന്നാർ: വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡാണ് സംസ്ഥാനം നേടിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ നവീകരിച്ച ദേവികുളം യാത്രിനിവാസിന്റെയും മാട്ടുപ്പെട്ടി ബോട്ടിങ്ങ് കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും പി.പിപി പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിസന്ധികളെ മറികടന്ന് ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയും ജനങ്ങളുടെ അഭിപ്രായം നടപ്പിലാക്കിയുമാണ് വലിയ മുന്നേറ്റം സാധ്യമായത്.ഡെസ്റ്റിനേഷൻ വെഡിങ്, ഡെസ്റ്റിനേഷൻ ചാലഞ്ച്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട്, ടെലി ടൂറിസം, ക്രൂയിസ് ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. ബീച്ച് ടൂറിസം ശക്തിപ്പെടുത്തി. അഡ്വഞ്ചർ ടൂറിസത്തിന് നൂതന പദ്ധതികൾ നടപ്പാക്കി. പൈതൃക ടൂറിസം പദ്ധതികൾ വിപുലീകരിച്ചു. സ്ത്രീ സൗഹൃദ ടൂറിസത്തിൽ ലോക ശ്രദ്ധ നേടിയെടുത്തും ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിച്ചും കേരളം മികച്ച പ്രവർത്തനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

2025ൽ കേരളം സന്ദർശിച്ചത്.

2,58,80,365 സഞ്ചാരികൾ

ഒറ്റവർഷം കൊണ്ട്

വിദേശ സഞ്ചാരികളുടെ വർദ്ധന : 11.33 ശതമാനം

ദേവികുളം യാത്രിനിവാസിൽ സംഘടിപ്പിച്ച പരിപാടിയിൽ എ. രാജ എംഎൽ.എ അധ്യക്ഷത വഹിച്ചു. നവീകരിച്ച ദേവികുളം യാത്രിനിവാസിന്റെ ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ഈശ്വരൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സുനിൽ കുമാർ, ദേവികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ത് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ. എസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പുതുമോടിയിൽ

യാത്രിനിവാസ്

റെനവേഷൻ വർക്സ് അറ്റ് യാത്രി നിവാസ് ദേവികുളം എന്ന പദ്ധതി പ്രകാരം 98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ദേവികുളം യാത്രി നിവാസിൽ നടത്തിയത്. ഇൻഫ്രാസ്ട്രക്ച്ചർ കേരള ഇറിഗേഷൻ കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. കെട്ടിടത്തിന്റെ നവീകരണം, ഓഫീസ് മുറി വിപുലീകരണം, അടുക്കള വിപുലീകരണം, മോഡുലാർ കിച്ചൻ, സ്റ്റാഫ് ക്വാർട്ടേഴ്സ് നവീകരണം, വൈദ്യുതീകരണ പ്രവർത്തികൾ, പരിസരം വൃത്തിയാക്കൽ തുടങ്ങിയവയാണ് പൂർത്തിയയത്.

തടാകക്കാഴ്ചയൊരുക്കി

മാട്ടുപ്പെട്ടി ഡാം

മൂന്നാറിൽ സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് ഗ്രാവിറ്റി ഡാമാണ് മാട്ടുപ്പെട്ടി ഡാം. ഡിടിപിസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡാമിൽ സ്പീഡ് ബോട്ടിങ്ങിന് സൗകര്യമുണ്ട്. തേയിലത്തോട്ടങ്ങൾക്കും വനത്തിനും നടുവിലായി സ്ഥിതി ചെയ്യുന്ന ഡാം മനോഹരമായ തടാക കാഴ്ചകൾക്കും ബോട്ടിംഗിനും പറ്റിയ പ്രകൃതിരമണീയമായ ടൂറിസം കേന്ദ്രമാണ്. കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി 1,07,55,918 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കാത്തിരിപ്പ് ഷെഡ്, വൈദ്യുതി പ്രവൃത്തികൾ, റെയിൻ ഷെൽട്ടർ, നടപ്പാത, ടിക്കറ്റ് കൗണ്ടർ, സുരക്ഷാ കാബിൻ, ഇരിപ്പു ബെഞ്ചുകൾ, സോളാർ ലൈറ്റ്, പരിസര അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലാ നിർമ്മിതി കേന്ദ്രം വഴി നടപ്പിലാക്കി.