കാപ്പാ കേസ് പ്രതികൾ ഉൾപ്പടെ അഞ്ചുപേർക്ക് തടവും പിഴയും

Saturday 07 March 2026 12:20 AM IST

കൊല്ലം: ജോനകപ്പുറം കടപ്പുറത്ത് സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളായ സുഹാസ്, ഇജാസ്, അഫ്രാദ് എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ വിൽസൺ, ജോസഫ് (കറക്കി ജിജോ), ടെറൻസ്, ഷാനു, ദിലീപ് എന്നിവരെ കൊല്ലം ഡിസ്ട്രിക്ട് ആൻഡ് അഡിഷണൽ സെഷൻസ് കോടതി അഞ്ച് ജഡ്ജ് ബിന്ദു സുധാകരൻ അഞ്ചുവർഷം കഠിന തടവിനും 25000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. നാളുകൾക്ക് മുമ്പ് ജോനകപ്പുറം കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട ആൾക്കാരാണെന്ന് തെറ്റിദ്ധരിച്ച് 2017 ജനുവരി 31ന് രാത്രി 10.30 ഓടെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

പള്ളിത്തോട്ടം പൊലീസ് സബ് ഇൻസ്പെക്‌ടർ എസ്.ടി.ബിജു രജിസ്റ്റർ ചെയ്ത‌ കേസിൽ കുറ്റപത്രം സമർപ്പിച്ചത് പള്ളിത്തോട്ടം ഇൻസ്പെക്‌ടറായിരുന്ന മഞ്ജുലാലാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ, സഹായിയായി സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് എന്നിവർ ഹാജരായി.