മൂത്രമൊഴിക്കലിൽ സഹികെട്ടു ; കടയുടമയുടെ ശാപം ബോർഡിലായി
കണ്ണൂർ: 'ഇവിടെ മൂത്രം ഒഴിച്ച് അന്യന്റെ മുതൽ നാശം ആക്കുന്നവർക്ക് ദൈവശാപം ഭവിക്കട്ടെ.'കണ്ണൂർ നഗരത്തിലെ ഒരു കടയുടമ തന്റെ സ്ഥാപനത്തിന് മുന്നിൽ എഴുതിവച്ച ഈ വാചകം ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടിലും വൈറലാണ്.പൊതു ശൗചാലയ സൗകര്യം ഇല്ലാത്തതിനാൽ കടകൾക്ക് സമീപവും ആൾത്തിരക്ക് കുറഞ്ഞ ഇടങ്ങളിലും മൂത്രമൊഴിക്കുന്നവരുടെ ശല്യം മൂലം സഹികെട്ടാണ് വ്യാപാരി ബോർഡ് സ്ഥാപിച്ചത്.
ദുർഗന്ധവും മാലിന്യവും നിത്യേന സഹിക്കേണ്ടി വരുന്ന ഈ കടയുടമയുടെ വേദന നഗരത്തിലെ അടിസ്ഥാന സൗകര്യ ദൗർബല്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്. കണ്ണൂർ കോർപ്പറേഷന്റെ അധീനതയിലുള്ള സെൻട്രൽ മാർക്കറ്റിൽ നാമമാത്രമായ ഒരു മൂത്രപ്പുര ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. ഇതോടെ മൂത്രശങ്കയുമായി എത്തുന്നവർ ഒളിഞ്ഞും തെളിഞ്ഞും അവിടിവിടെ കാര്യം സാധിക്കുകയാണ്. പൊതു ശൗചാലയം പൊളിച്ചുമാറ്റി കെട്ടിടം നിർമ്മിച്ചതും പ്രശ്നം രൂക്ഷമാക്കിയതായി വ്യാപാരികൾ ആരോപിക്കുന്നു. ഒന്നിലധികം തവണ കോർപ്പറേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതിൽ വ്യാപാരികൾ അമർഷത്തിലാണ്. കോർപ്പറേഷൻ പദവിയുള്ള ഒരു നഗരത്തിൽ ശാപവചനങ്ങൾ എഴുതി ബോർഡ് സ്ഥാപിക്കേണ്ട ഗതികേടിലെത്തിയത് നഗരഭരണത്തിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് വ്യാപാരിയുടെ പക്ഷം.