സിവിൽ സർവീസിലേക്ക് 47 മലയാളികൾ

Saturday 07 March 2026 12:49 AM IST

ന്യൂഡൽഹി: 2025ലെ സിവിൽ സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയിൽ 47 മലയാളികൾ. ആദ്യ 50 റാങ്കുകാരിൽ മലയാളികളില്ല. 57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ ശ്രീജ ജെ.എസ് ആണ് മലയാളികളിൽ മുന്നിൽ. 68-ാം റാങ്ക് നേടിയ കൊല്ലം ആശ്രാമം ഗാന്ധിനഗർ -82 നാരായണീയത്തിൽ ആദിത്യ നാരായൺ. എച്ച് രണ്ടാമതെത്തി. നൂറിനും ഇരുന്നൂറിനും ഇടയിൽ ഒൻപത് മലയാളികളുണ്ട്.

തിരുവനന്തപുരം ആനയറ കല്ലുമ്മൂട് ശിവറാം ഗാർഡൻസ് ശാന്താ നിവാസിൽ ഗോപിക. ബി (105), കാഴ്ചപരിമിതിയുള്ള കോഴിക്കോട് ചാത്തങ്ങാേട്ടുനട നല്ലംകുഴിയിൽ വീട്ടിൽ അജയ് ആർ. രാജ് (109), പെരുമ്പാവൂർ കോടനാട് ശ്രീദേവി വിലാസിൽ വിനീത് ലോഹിതാക്ഷൻ (129), തൃശൂർ ചേറ്റുപുഴ വട്ടപ്പിള്ളി വീട്ടിൽ ശ്രീലക്ഷ്‌മി വി.സി (133), തൃശൂർ ആറാട്ടുപുഴ മുള്ളോത്ത് വീട്ടിൽ വിഷ്‌ണുപ്രിയ (149), തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിര‌ാജ റോഡ് കൃഷ്ണപ്രിയയിൽ സൂര്യ വി.കെ (162), കോട്ടയം കാഞ്ഞിരം കൊക്കാട് ദിവ്യ. എസ് (166), കാസർകോട് നീലേശ്വരം കൺമഷി വീട്ടിൽ കാജൽ രാജു (167), കണ്ണൂർ പള്ളിക്കുന്ന് രാമത്തെരു ഓങ്കാറിൽ നിതിൻ പ്രദീപ് (172) എന്നിവരാണ് ഇരുന്നൂറിനകത്ത് റാങ്ക് നേടിയവർ.

ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ഒൻപതു മലയാളികളുണ്ട്. മുന്നൂറിനും അഞ്ഞൂറിനും ഇടയിൽ പതിനാലു മലയാളികൾ. തുടർന്നുള്ള റാങ്കുകളിൽ 19 മലയാളികളും സ്ഥാനം പിടിച്ചു.

ഒന്നാം റാങ്ക് ഡോക്‌ടർക്ക്

ഒന്നാം റാങ്ക് നേടിയ അനുജ് അഗ്നിഹോത്രി എം.ബി.ബി.എസ് ബിരുദധാരിയാണ്. രാജസ്ഥാൻ റാവത്ത്ഭട്ട സ്വദേശി. രണ്ടാം റാങ്ക് തമിഴ്നാട് ഡിണ്ടിഗൽ ഡെപ്യൂട്ടി കളക്‌ടറും എൻജിനിയറിംഗ് ബിരുദധാരിയുമായ എം. രാജേശ്വരി സുവെയ്‌ക്കാണ് . മധുര സ്വദേശിനിയാണ്. 22 വയസുള്ള ചണ്ഡിഗർ സ്വദേശി ബി.കോം ബിരുദധാരി അകാൻഷ് ധുൽ മൂന്നാം റാങ്ക് നേടി.