കലിയടങ്ങാതെ കാട്ടാനകൾ, ഭയപ്പാടിൽ ആറളം
കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതോടെ സ്വന്തം വീട്ട് മുറ്റത്ത് പോലും ജീവന് സുരക്ഷയില്ലെന്ന ഭയപ്പാടോടെയാണ് കണ്ണൂരിലെ ആറളം പുനരധിവാസ മേഖലയിലുള്ളവർ ജീവിതം തള്ളിനീക്കുന്നത്. കഴിഞ്ഞ 27ന് ആണ് ഇവിടെ അനീഷ് എന്ന യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2014 മുതൽ ആറളത്ത് കാട്ടാന ആക്രമണത്തിനിരയായ പതിനഞ്ചാമത്തെയാളാണ് അനീഷ്.നിരവധി ആളുകളെ പുനരധിവസിപ്പിച്ച ആറളം പത്താം ബ്ലോക്കിലാണ് ഈ നാൽപതുകാരനെ പുലർച്ചെ ഇറങ്ങിയ കാട്ടാന ചവിട്ടി കൊന്നത്.അനീഷും കുടുംബവും വീടിന് പുറത്തിറങ്ങിയപ്പോൾ വീടിന് പുറത്ത് നിന്നിരുന്ന ആന അനീഷിനെ ആക്രമിക്കുകയായിരുന്നു. അനീഷിന്റെ ഭാര്യ അമ്പിളിയും മക്കൾ അനുഷ, ആദികൃഷ്ണ എന്നിവർ ഉടനെ തന്നെ വീടിനകത്തേക്ക് ഓടികയറിയതിനാൽ അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറളം ഫാമിൽ വെള്ളി (82), ഭാര്യ ലീല (70) എന്നിവർ കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധം പ്രദേശത്ത് ഉയർന്നിരുന്നു. അനീഷ് കൊല്ലപ്പെട്ട അതേ ദിവസമാണ് കഴിഞ്ഞ വർഷം ഇരുവരും കൊല്ലപ്പെട്ടത്.ബ്ലോക്ക് പതിമൂന്നിലെ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവർ കാട്ടാനയ്ക്കിരയായത്. ഒടുവിലത്തെ അനീഷിന്റെ മരണവും വലിയ പ്രതിഷേധങ്ങൾക്കിടിയാക്കിയെങ്കിലും അധികൃതരുടെ ഇടപെടൽ എത്രത്തോളം കാര്യക്ഷമമാണെന്നത് ഒരോ കാട്ടാന ആക്രമണങ്ങളും മരണങ്ങളും പുനരധിവാസമേഖലയിലുള്ളവരെ ഓർമ്മപ്പെടുത്തുന്നുണ്ട്.
നിർമ്മാണം പാതിവഴിയിലായ ആനമതിൽ മറികടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.ഗജമുക്തി വഴി കാട്ടാനകളെ കർണാടക വനത്തിലേക്ക് വനം വകുപ്പ് തുരത്താറുണ്ടെങ്കിലും വൈകാതെ ഇവ മടങ്ങിയെത്തുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.ജനവാസ കേന്ദ്രങ്ങളായ ഉളിക്കൽ, അയ്യൻകുന്ന്, പേരട്ട, കൂട്ടുപുഴ എന്നിവിടങ്ങളിലേക്ക് കാട്ടാനകൾ കൂട്ടമായാണ് എത്തുന്നത്. നേരത്തെ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആറളം ഫാമിലെ വന്യമൃഗ അധിനിവേശ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമെടുത്തിരുന്നു.എന്നാൽ നടപടികൾക്ക് പിന്നീട് വേഗത കുറഞ്ഞു. കോടികൾ ചെലവിട്ട് നിർമ്മിച്ച ആനമതിലിനും സോളാർ ഫെൻസിംഗിനും കാട്ടാനകളെ തടയാൻ സാധിക്കുന്നില്ല.ആറളം കാർഷിക ഫാമിലും പുനരധിവാസ മേഖലയിലെ ഇടക്കാടുകളിലുമാണ് അപകടകാരികളായ ആനകൾ തമ്പടിക്കുന്നത്. രാപകൽ ഭേദമില്ലാതെ പുനരധിവാസ മേഖലയിലും പരിസരപ്രദേശങ്ങളിലും ഇവ ഭീതി പരത്തുകയാണ്.
നിലവിൽ ഇവിടുത്തെ ആനമതിൽ നിർമ്മാണം അനന്തമായി നീളുകയാണ്. കാരാറുകാരന്റെ വീഴ്ചയെത്തുടർന്ന് നേരത്തെ കരാർ റദ്ദാക്കിയിരുന്നു. പിന്നീട് റീ ടെൻഡർ പൂർത്തിയാക്കിയാണ് ആറ് മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ നവംബറിൽ പുനരാരംഭിച്ചത്.ആറ് മാസമാണ് കരാർ കാലാവധി.ആറളം ഫാം പുനരധിവാസ മേഖലയും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന 9.899 കിലോമീറ്റർ ദൂരത്തിലാണ് മതിൽ വേണ്ടത്. പഴയ കരാറുകാർ അവശേഷിപ്പിച്ച ആറ് കിലോമീറ്റർ ദൂരത്തെ പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്.ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണം പൂർത്തിയാകാത്ത ഭാഗങ്ങളിലൂടെ ആനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ താൽക്കാലിക റെയിൽ ഫെൻസിംഗും സോളാർ ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർക്കപ്പെടുകയാണ്.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ തമ്പടിച്ച് ആനകളെ തുരത്താൻ വനംവകുപ്പ് ഒരുക്കിയ ഓപ്പറേഷൻ ഗജമുക്തിയും ഫലം കണ്ടില്ല. പദ്ധതി മൂന്നുഘട്ടം പിന്നിട്ടിട്ടെങ്കിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പുനരധിവാസ മേഖലയിൽ സ്വൈര്യവിവാരം നടത്തുകയാണ്.മൂന്നാം ഘട്ടത്തിനിടെയാണ് ആറളം പുനരധിവാസ മേഖലയിലെ പത്താം ബ്ളോക്കിലെ സത്യന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന പ്രാർത്ഥനക്കായി നിർമ്മിച്ച ഷെഡും മുന്നിലുണ്ടായിരുന്ന തെങ്ങും നശിപ്പിച്ചത്. ഇതിന് പുറമെ ആദിവാസി കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗമായ കാർഷിക വിളകൾക്കും ആനകൾ വലിയ ഭീഷണിയാണ്. തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ ആനകൾ വ്യാപകമായി നശിപ്പിക്കുന്നത് ഇവരുടെ സാമ്പത്തിക അടിത്തറ തകർക്കുകയാണ്.ഫാമിലെ കൃഷിയിടങ്ങൾ കാടുപിടിച്ചു കിടക്കുന്നതും ആനകൾക്ക് ഒളിഞ്ഞിരിക്കാൻ സഹായകമാകുന്നു. ഇത് പുലർച്ചെയും രാത്രിയും പുറത്തിറങ്ങുന്നവർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരും
കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണവും പ്രതിഷേധങ്ങൾക്കുമൊടുവിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ 'ഓപ്പറേഷൻ ഗജമുക്തി' ആറളത്ത് വീണ്ടും ആരംഭിച്ചു.ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി വനത്തിലേക്ക് തുരത്തി. ആറളം വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം.കഴിഞ്ഞ ദിവസം ആറളം ഫാം ബ്ലോക്ക് ഏഴിലെ വയനാടൻ കാടിന്റെ ഭാഗത്ത് നിന്നാണ് ഡ്രൈവ്.ദൗത്യം തുടങ്ങി അധികം വൈകാതെ തന്നെ രണ്ട് കാട്ടാനകളെ സംഘം കണ്ടെത്തി. ഉച്ചയ്ക്ക് മുൻപായി ഇതിൽ ഒരു ആനയെ ഹെലിപ്പാട് ഭാഗത്തേക്ക് കടത്തിവിടാൻ സാധിച്ചെങ്കിലും രണ്ടാമത്തെ ആന തിരിഞ്ഞുപോയിരുന്നു. തുടർന്ന് ദൗത്യസംഘം തിരച്ചിൽ പുനരാരംഭിക്കുകയും രണ്ട് ആനകളെയും താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.
ദൗത്യത്തിൽ വനംവകുപ്പിലെ വിവിധ സെക്ഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 30 അംഗങ്ങളാണ് പങ്കെടുത്തത്. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിലെയും ഇരിട്ടി, നരികടവ് സ്റ്റേഷനുകളിലെയും ജീവനക്കാർ ടീമിന്റെ ഭാഗമായി. പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി നാല് വനംവകുപ്പ് വാഹനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു.മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ആറളം പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള ലൈസൺ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊലീസ്, പഞ്ചായത്ത്, ടി.ആർ.ഡി.എം, ആരോഗ്യവകുപ്പ് എന്നിവയെ ഏകോപിപ്പിച്ചാണ് ദൗത്യം പുരോഗമിച്ചത്. ആറളം സ്കൂൾ, ടി.ആർ.ഡി.എം മേഖലയിലെ താമസക്കാർ, വിദ്യാർത്ഥികൾ, ഫാം തൊഴിലാളികൾ, യാത്രികർ എന്നിവരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ലൈസൺ ഓഫീസർമാർ കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അധികൃതർ പറഞ്ഞു. അവശേഷിക്കുന്ന കാട്ടാനകളെ കണ്ടെത്തി തുരത്തുന്നതിനായുള്ള ദൗത്യം തുടരുകയാണ്.