ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കുന്നത് ഇവിടെ,​ പുതിയ വീട്ടിലേക്ക് താമസം മാറി വിജയും രശ്മികയും

Friday 06 March 2026 11:33 PM IST

ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്‌പൂരിലായിരുന്നു വിജയ്‌ ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിൽ ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. ഇതിനെല്ലാം ശേഷമാണ് സിനിമാ - രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിൽ താരദമ്പതികൾ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. ബഞ്ചാര ഹിൽസിലെ താജ് കൃഷ്‌ണ ഹോട്ടലിലായിരുന്നു റിസപ്‌ഷൻ.

വിവാഹത്തിന് പിന്നാലെ തെലങ്കാനയിലെ തുമ്മാരപേട്ടയിലെ ഇരുവരുടെയും പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടന്നു. അനുഗ്രഹങ്ങളോടെ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ വീട്ടിൽ സത്യനാരായണ വ്രത പൂജയും നടത്തി. ഗൃഹപ്രവേശനത്തിന് മുമ്പ് പരമ്പരാഗത ആരതിക്കൊപ്പം പാട്ടും നൃത്തവുമായാണ് നാട്ടുകാർ താരദമ്പതികളെ സ്വീകരിച്ചത്. ഇളം നീലനിറത്തിലുള്ള സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞാണ് രശ്മികയെത്തിയത്. ഇളംപച്ച കുർത്തയായിരുന്നു വിജയ് ധരിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നു. രശ്മികയുടെ സഹോദരി ഷിമാൻ മന്ദാനയെയും വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയെയും വീഡിയോയിൽ കാണാം. സത്യനാരായണ വ്രത പൂജയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

ഗൃഹപ്രവേശനവും സത്യനാരായണവ്രത പൂജയുമടങ്ങുന്ന ചടങ്ങുകൾക്ക് ശേഷം തെലങ്കാനയിലെ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പും വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ് പ്രഖ്യാപിച്ചിരിക്കുന്നത്. . തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്‌കൂളുകളിലെ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ്‌ദേവരകൊണ്ട തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്‌കോളർഷിപ്പ് നൽകുന്നത്. സാമ്പത്തിക ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സഹായിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് താരം പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രഖ്യാപനം നടത്തുന്ന വേദിയിൽ രശ്‌മിക മന്ദാനയും വിജയ്‌ദേവരകൊണ്ടയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ പ്രഖ്യാപനം സ്വാഗതം ചെയ്‌തത്. ഇനിമുതൽ ഗ്രാമത്തിലേക്ക് പതിവായി എത്തുമെന്നാണ് താരം ആരാധകർക്ക് വാക്ക് നൽകിയത്.