പരിചയ സമ്പത്തിൽ പ്രതീക്ഷ... സി.പി.എം: മത്സരിക്കാൻ പുതുമുഖങ്ങളില്ല
തൃശൂർ: ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ സി.പി.എം മത്സരിക്കുന്ന ഏഴിൽ ആറിടത്തും മത്സരിക്കുക നിലവിലെ എം.എൽ.എമാർ. മണലൂരിൽ മാത്രമാണ് സിറ്റിംഗ് എം.എൽ.എയെ ഒഴിവാക്കുന്നത്. ഇവിടെ മുരളി പെരുനെല്ലിക്ക് പകരം മുൻമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാകും മത്സരിക്കുക. കുന്നംകുളത്ത് ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും എ.സി.മൊയ്തീനെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചു. 2004ൽ വടക്കാഞ്ചേരിയിൽ കെ.മുരളീധരനെ പരാജപ്പെടുത്തി എം.എൽ.എയായ മൊയ്തീൻ ഇത് അഞ്ചാം തവണയാണ് മത്സരിക്കുന്നത്. 2016 മുതൽ കുന്നംകുളം എം.എൽ.എയാണ്. ഇവിടെ നിന്ന് മൂന്നാം തവണയാണ് എ.സി.മൊയ്തീൻ മത്സരിക്കാനൊരുങ്ങുന്നത്. യു.ഡി.എഫ് ടി.എൻ.പ്രതാപനെയും എൻ.ഡി.എ കെ.കെ.അനീഷ് കുമാറിനെയുമാണ് പരിഗണിക്കുന്നത്. സി.പി.എം ലിസ്റ്റിലുള്ള എൻ.കെ.അക്ബർ, ഡോ.ബിന്ദു, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ.രാമചന്ദ്രൻ എന്നിവർക്ക് രണ്ടാമൂഴമാണ്. ചേലക്കരയിൽ നേരത്തെ എം.എൽ.എയായ യു.ആർ.പ്രദീപ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ രമ്യഹരിദാസിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഇത് മൂന്നാമൂഴമാകും.
സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ..?
കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ജില്ലയിലെ സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു റിപ്പോർട്ട് ചെയ്തു. ജില്ലാ കമ്മിറ്റി യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എം.വർഗീസ് അദ്ധ്യക്ഷനായി. ശനി, ഞായർ ദിവസങ്ങളിൽ പട്ടിക മണ്ഡലം കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്ത് അംഗീകാരം വാങ്ങും. സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
സി.പി.എം സാദ്ധ്യതാ പട്ടിക:
ഇരിങ്ങാലക്കുട: ഡോ. ആർ.ബിന്ദു പുതുക്കാട്: കെ.കെ.രാമചന്ദ്രൻ മണലൂർ: പ്രൊഫ. സി.രവീന്ദ്രനാഥ് ഗുരുവായൂർ: എൻ.കെ.അക്ബർ കുന്നംകുളം: എ.സി.മൊയ്തീൻ വടക്കാഞ്ചേരി: സേവ്യർ ചിറ്റിലപ്പിള്ളി ചേലക്കര: യു.ആർ.പ്രദീപ്.