കാടിറങ്ങി വന്യമൃഗങ്ങൾ: നാട്ടിലെ മനുഷ്യർക്ക് ഗതികേട്..!
തൃശൂർ: വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നത് പതിവായതോടെ നിസഹായരായി നാട്ടുകാരും വനംവകുപ്പും. അതിരപ്പിള്ളി, ചാലക്കുടി, വരന്തരപ്പിള്ളി, പാണഞ്ചേരി, മാടക്കത്തറ, പീച്ചി, പുത്തൂർ, പുതുക്കാട്, ചേലക്കര, വടക്കാഞ്ചേരി തുടങ്ങി വനാതിർത്തി പങ്കിടുന്ന ജില്ലയിലെ ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ആനയും പുലിയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള മൃഗങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്ന സ്ഥിതിയാണ്. കാട്ടാന ആക്രമണത്തിൽ ജില്ലയിലെ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. കാട്ടുപന്നികളും ആനകളുമിറങ്ങി കൃഷി നശിപ്പിക്കുന്നതിന് യാതൊരു കുറവുമില്ല. പല സ്ഥലങ്ങളിലും കുരങ്ങുശല്യവും രൂക്ഷമാണ്. പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുമ്പോഴും വനം വകുപ്പുദ്യോഗസ്ഥർ എത്തുമ്പോഴേക്കും അവ കാണാമറയത്താകുകയാണ്. വെള്ളത്തിനും ഭക്ഷണത്തിനുമായാണ് ഇവ കൂട്ടത്തോടെ കാടിറങ്ങുന്നതെന്നാണ് പറയുന്നത്.
ഒന്നും ചെയ്യാനാകാതെ വാച്ചർമാർ
കാടിറങ്ങുന്ന മൃഗങ്ങളെ കാടുകയറ്റാൻ വാച്ചർമാർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. മൂവായിരം രൂപയുടെ പടക്കമാണ് ആകെ നൽകുന്നതെന്നും ഇങ്ങനെ പടക്കം പൊട്ടിച്ചാലൊന്നും ആനയടക്കമുള്ള മൃഗങ്ങൾ കാടുകയറില്ലെന്നും വാർച്ചർമാർ പറയുന്നു. വാണിയമ്പാറയിൽ കാട്ടാനയിറങ്ങി വാച്ചറെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളെയും ഒന്നും ചെയ്യാനാകുന്നില്ല. വെടിവയ്ക്കാൻ അനുമതിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന് ആളുകളെ തേടി പിടിക്കുമ്പോഴേക്കും കൃഷിയെല്ലാം നശിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകും. വെടിവച്ചാൽതന്നെ നൂലാമാലകൾ വേറെ. വന്യമൃഗങ്ങളെ പേടിച്ച് മലയോരവാസികൾ കൃഷി ഉപേക്ഷിക്കുകയാണിപ്പോൾ.
വന്യമൃഗശല്യം മൂലം ഭയത്തോടെ ജീവിക്കേണ്ട ഗതികേടിലാണ്. മുമ്പ് കാർഷിക വിളകൾ നശിപ്പിക്കുന്ന പ്രശ്നമാണെങ്കിൽ ഇപ്പോൾ രാത്രി വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കാതെ അവസ്ഥയാണ്. സർക്കാർ സംരക്ഷണം വാക്കുകളിൽ മാത്രമാണ്.
-കെ.രാമചന്ദ്രൻ, മലയോര കർഷകൻ
കേരളത്തിൽ വന്യജീവി സംഘർഷ മേഖല:
400 പഞ്ചായത്തുകൾ
അതിരൂക്ഷ മേഖല:
273 പഞ്ചായത്തുകൾ
87% സംഘർഷങ്ങൾക്കും കാരണം:
ആന, കാട്ടുപന്നി, കുരങ്ങ്