കുളിക്കടവിൽ വീട്ടമ്മക്ക് നേരെ അതിക്രമം; പ്രതിക്കായി വ്യാപക തിരച്ചിൽ

Friday 06 March 2026 11:53 PM IST

മാന്നാർ: വീടിന് സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ തലനാരിഴക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുളിക്കടവിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടമ്മ പൊലിസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അടുത്ത ദിവസം ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ നഗറിൽ സബീർ (44)നെതിരെ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. കുളിക്കടവിൽ വീട്ടമ്മ മാത്രം ഉണ്ടായിരുന്ന നേരത്താണ് അതിക്രമം. തുണി നനച്ച് കൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ എത്തി തോർത്ത് കൊണ്ട് മുഖം മൂടി വെള്ളത്തിലേക്ക് തള്ളിയിട്ടായിരുന്നു അതിക്രമം. ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താനുള്ള ശ്രമവും നടന്നു. വെള്ളത്തിനടിയിൽ വച്ച് വീട്ടമ്മയുടെ വയറ്റിലും നെഞ്ചത്തും ചവിട്ടുകയും മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതി മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മയ പരുമലയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ ഡി വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തി വരികയാണെന്ന് മാന്നാർ പൊലീസ് അറിയിച്ചു.