സിവിൽ സർവീസ് പരീക്ഷയിൽ അഭിമാനമായി അലനും ഷാലുവും
കുട്ടനാട്: സിവിൽ സർവീസ് പരീക്ഷയിൽ റാങ്കുകൾ നേടി കുട്ടനാട്ടുകാർ നാടിന് അഭിമാനമായി. ചമ്പക്കുളം വടക്കേടം അമ്പതിൽചിറ വീട്ടിൽ ഡോ.അലൻസിബിയും കാവാലം കുന്നുമ്മ കിഴക്ക് മൂലയിൽ ഷാലു ജോസഫുമാണ് 289ഉം 805ഉം റാങ്കുകൾ
നേടി നാടിന്റെ കീർത്തി വാനോളമുയർത്തിയത്.
റിട്ട.എയർഫോഴ്സ് ഓണററി ഫ്ലൈയിംഗ് ഓഫീസർ ചമ്പക്കുളം സ്വദേശി സിബി ജോസഫിന്റെയും അദ്ധ്യാപികയായ മെർലിയുടെയും മൂത്ത മകനായ അലൻ, ചമ്പക്കുളം ബിഷപ്പ് കുരിയാളശേരി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് സ്ക്കൂളിൽ നിന്ന് പ്ലസ്ടുവും ചണ്ഡീഗഢ് ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഐ.എ.എസിന് ശ്രമിച്ചെങ്കിലും ഐ.പി ആൻഡ് ടി.എ.എഫ്.എസിലാണ് ഇടം നേടാനായത്. തുടർന്ന് നടത്തിയ ശ്രമത്തിലാണ്
289 -ാം റാങ്ക് നേടിയത്. സഹോദരൻ: പ്ലസ് ടു വിദ്യാർത്ഥിയായ ആൽബിൻ സിബി.
കാവാലം കുന്നുമ്മ കിഴക്ക് മൂലയിൽ റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ ജോസഫ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും ഇളയ മകളായ ഷാലു, കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂളിലായിരുന്നു പ്ലസ് ടു പൂർത്തിയാക്കിയത്. പാലാ അൻഫോൻസാ കോളേജിൽ നിന്ന് യു.ജി അഞ്ചാം റാങ്കും, ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ പി.ജി ഒന്നാം റാങ്കോടെയും പാസായ ഷാലു മൂന്നാം ശ്രമത്തിലാണ് 805ാം റാങ്ക് നേടിയത്. സഹോദരൻ: ഷാലിൻ.