'മാളിന്റെ പാർട്ണർ' റംസാൻ സക്കാത്തിന്റെ പേരിൽ 4 പവൻ തട്ടി

Saturday 07 March 2026 1:48 AM IST

കൊച്ചി:നിർദ്ധനകുടുംബം മകളുടെ വിവാഹത്തിനായി വാങ്ങിയ നാലുപവൻ റംസാൻ പുണ്യപ്രവർത്തികളുടെ ഭാഗമായി വിവാഹത്തിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തു.പ്രതിക്കായി കളമശേരി പൊലീസ് അന്വേഷണം തുടങ്ങി.പത്തനാപുരം സ്വദേശിനിയായ 21കാരിയെയും കുടുംബവുമാണ് തട്ടിപ്പിനിരയായത്.കൊച്ചിയിലെ മാളിന്റെ പാർട്ണറാണെന്ന് പറഞ്ഞായിരുന്നു കബളിപ്പിച്ചത്.ഒരു മാസം മുമ്പാണ് അയൽവാസി വഴി ഇയാളെ കുറിച്ച് അറിഞ്ഞു ബന്ധപ്പെട്ടതും.സൗദിയിലെ മദീനയിൽ ബിസിനസാണെന്നും ഇപ്പോൾ നാട്ടിലുണ്ടെന്നുമാണ് ഇയാൾ പറഞ്ഞത്.ഒരു ട്രസ്റ്റിന്റെ ഭാഗമായാണ് സഹായമെന്നും നാല് പവന്റെ ബില്ല് കാണിക്കണമെന്നുമായി​രുന്നു വ്യവസ്ഥ.ഉള്ളതെല്ലാം നുള്ളിപ്പെറുക്കി കുടുംബം നാല് പവൻ സ്വർണം വാങ്ങി.ഇയാൾ പറഞ്ഞപ്രകാരം കൊച്ചിയിലെ മാളിലെത്തി.പ്രതിയെ സ്വർണാഭരണവും ബില്ലും ഇയാൾ കൈക്കലാക്കി. മുൻപ് വ്യാജബില്ലും മുക്കുപണ്ടവും നൽകി കബളിപ്പിച്ചെന്നും അതിനാൽ സ്വർണാഭരണങ്ങളുടെ പരിശുദ്ധി നോക്കി ഉടൻ എത്താമെന്നും പറഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. നാലു മണിക്കൂറോളം കാണാതായതോടെ കുടുംബം മാൾ അധികൃതരെ ബന്ധപ്പെട്ടു. ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.കളമശേരി പൊലീസ് കേസെടുത്തു. മാളിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.