 കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിലും കുട്ടികൾക്ക് സമൂഹമാദ്ധ്യമ വിലക്ക്

Saturday 07 March 2026 1:57 AM IST

അമരാവതി: 13 വയസിനു താഴെയുള്ള കുട്ടികൾക്ക് സമൂഹ മാദ്ധ്യമങ്ങൾ വിലക്കാൻ പദ്ധതിയിടുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ഇതിനായി 90 ദിവസത്തിനുള്ളിൽ പരിപാടി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 13നും 16നുമിടയിൽ പ്രായമുള്ള കുട്ടികളുടെ കാര്യം ചർച്ചചെയ്ത് തീരുമാനിക്കും. സമവായത്തിലെത്തിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

16 വയസിനു താഴെയുള്ള കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വംഗലപുടി അനിത നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. ഉപസമിതി രണ്ടുതവണ യോഗം ചേർന്ന് വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായി അവർ പറഞ്ഞു. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന നടപടികൾ ഉപസമിതി അവലോകനം ചെയ്തു.

ജനുവരിയിൽ ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷ്, സോഷ്യൽ മീഡിയയിലേക്കുള്ള 'പ്രായത്തിനനുസരിച്ചുള്ള ആക്സസ്" സംബന്ധിച്ച നിയമ ചട്ടക്കൂടുകൾ സർക്കാർ പഠിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. പ്രായത്തിനനുസരിച്ചുള്ള ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച നിയമ ചട്ടക്കൂടുകളെക്കുറിച്ച് പഠിക്കാൻ മെറ്റാ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളുടെ യോഗം വിളിക്കും.

13നും 16നുമിടയിൽ പ്രായമായ കുട്ടികൾക്ക് ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള സാദ്ധ്യത മന്ത്രിമാരുടെ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു

ഫെബ്രുവരി 10ന്, സോഷ്യൽ മീഡിയയുടെ പ്രായാധിഷ്ഠിത നിയന്ത്രണം പരിഗണിക്കണമെന്ന് തെലുങ്കുദേശം പാർട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടി.ഡി.പി പാർലമെന്ററി പാർട്ടി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. സോഷ്യൽ മീഡിയയുടെ പ്രായാധിഷ്ഠിത നിയന്ത്രണം പഠിക്കുന്നതിനും സമഗ്രമായ ഒരു ദേശീയ നയം ശുപാർശ ചെയ്യുന്നതിനും വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.