രാവും പകലും ഒരുപോലെ ദർശനം; ആഗ്രഹങ്ങൾ താളത്തിൽ ഉറക്കെ വിളിച്ചു പറയും, കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ
കേരളത്തിന്റെ സംസ്കാരവും പഴമയും ആചാരങ്ങളും കോർത്തിണങ്ങിയ സ്ഥലങ്ങളാണ് കാവുകൾ. ഓരോ കാവുകളെയും അവിടത്തെ ദൈവങ്ങളെയും ആരാധിച്ചുവരുന്ന പതിവ് മലയാളിക്കുമാത്രം സ്വന്തമാണ്. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവർ കേരളത്തിലെ കാവുകൾ കാണാൻ എത്തുന്നതും പതിവാണ്. അത്തരത്തിൽ വിദേശികൾ ഉൾപ്പെടെ ഒഴുകിയെത്തുന്ന കേരള തനിമ കാത്തുസൂക്ഷിക്കുന്നയിടമാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം). 24 മണിക്കൂറും ദർശനമുള്ള ഏകക്ഷേത്രമാണ് ഊരാളി അപ്പൂപ്പൻകാവെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്.
പൂർണമായും പ്രകൃതിയിൽ അധിഷ്ഠിതമായ പൂജകളും വഴിപാടും കൊണ്ട് ലോക ശ്രദ്ധ ആകർഷിച്ച ഈ കാവിലേക്ക് ദിനംപ്രതി നാനാജാതി മതസ്ഥർ എത്തുന്നുണ്ട്. 999 മലകളുടെ മൂലനാഥനാണ് കല്ലേലി ഊരാളി അപ്പൂപ്പൻ എന്നാണ് പഴമക്കാരുടെ വിശ്വാസം. ആ വിശ്വാസം നിലനിർത്തിപ്പോരുന്ന ആചാരവും അനുഷ്ഠാനവുമാണ് കല്ലേലിക്കാവിൽ ഇപ്പോഴുമുള്ളത്.
ഭൂമിയിലെ ഏറ്റവും പരിശുദ്ധവും ഔഷധ ഗുണവുമുള്ള ഇലകളിൽ ഒന്നാണ് വെറ്റില. ഇതിനാൽ കല്ലേലി കാവിലെ ഏതൊരു ചടങ്ങിനും വെറ്റിലയ്ക്ക് മുഖ്യ സ്ഥാനം നൽകി പോരുന്നുണ്ട്. കല്ലേലി അപ്പൂപ്പൻ താംബൂല പ്രിയനായതും ഇതിനാലാണ്. 41 പടികളിറങ്ങി ചെന്നാൽ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന ചരിത്ര സത്യത്തിന്റെ മുന്നിലെത്താം. മാനവ കുലത്തിനെയും പ്രകൃതിയെയും ബന്ധിക്കുന്ന കണ്ണിയാണ് കല്ലേലി ഊരാളി അപ്പൂപ്പൻ എന്നും ചിലർ പറയുന്നുണ്ട്.
അച്ചൻകോവിലാറിന്റെ തീരത്തുള്ള പുണ്യകേന്ദ്രം
അച്ചൻകോവിലാറിന്റെ തീരത്താണ് കല്ലേലി ഊരാളി അപ്പൂപ്പൻകാവ് സ്ഥിതി ചെയ്യുന്നത്. ഇത് കേരളത്തിലെ തന്നെ ഏറ്റവും വിചിത്രമായ കാഴ്ചകളിലൊന്നാണ്. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.
കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു. ഇവിടത്തെ ആചാര അനുഷ്ഠാനങ്ങളിൽ ഗോത്ര പാരമ്പര്യം നിറഞ്ഞ് നിൽക്കുന്നു. പ്രകൃതി സത്യങ്ങളെ സാക്ഷിവച്ച് ഊരാളിമാർ വിളിച്ച് ചൊല്ലി ദേശദോഷവും കാലദോഷവും കുടുംബദോഷവും ഒഴിപ്പിച്ചിറക്കുന്നു. അതിനാൽ ഇവിടെയെത്തുന്ന ഭക്തർ ഊരാളിമാരോട് തങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും രഹസ്യമായി പറയുകയും ഊരാളിമാർ പ്രപഞ്ചത്തെ സാക്ഷിയാക്കി അപ്പൂപ്പനോട് താളത്തിൽ വിളിച്ചുകൂവിയാണ് അറിയിക്കുന്നത്. 999 മലകളുടെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പനോട് താംബൂലം (മുറുക്കാൻ) സമർപ്പിച്ചാണ് പ്രാർത്ഥിക്കേണ്ടത്.
പൂജകൾ
താംബൂല സമർപ്പണം, കരിക്ക് പടേനി, പൊങ്കാല തുടങ്ങിയവയാണ് അപ്പൂപ്പൻകാവിലെ പ്രധാന വഴിപാടുകൾ. പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, പക്ഷി മൃഗാദി പൂജ എന്നിവ നൽകി പ്രകൃതിയെ ഉണർത്തിച്ചാണ് മല ഉണർത്തി പ്രഭാത വന്ദനം നടത്തുന്നത്. വാനര ഊട്ട്, മീനൂട്ട് പൂജകൾ തുടങ്ങിയവയും ഇവിടെയുണ്ട്.
'മലയ്ക്ക് കരിക്ക് പടേനി', കാവിലെ പ്രധാന വഴിപാടാണ്. മൂന്നുദിവസം വ്രതമെടുത്താണ് ഭക്തർ വഴിപാട് സമർപ്പിക്കുന്നത്. താംബൂല (മുറുക്കാൻ) സമർപ്പണം, ആദ്യ വിള സമർപ്പണം, ഉരു സമർപ്പണം, കോഴി സമർപ്പണം, നിലവിളക്ക് സമർപ്പണം, നിത്യ പൊങ്കാല സമർപ്പണം, നിത്യ അന്നദാനം സമർപ്പണം, മഞ്ഞൾ പറ, നാണയപ്പറ, നെൽപ്പറ, അൻപൊലി എന്നിവ സമർപ്പണമായി നിത്യവും നടന്നു വരുന്നുണ്ട്.
പത്തുദിവസത്തെ മഹോത്സവം
മേടം ഒന്നിന് തുടങ്ങി പത്ത് ദിവസത്തെ മഹോത്സവത്തിന്റെ പത്താം നാൾ പത്താമുദയത്തിന് പ്രശസ്തമായ കല്ലേലി ആദിത്യ പൊങ്കാലയും കല്ലേലി വിളക്കും, വലിയ മലയ്ക്ക് കരിക്ക് പടേനിയും 41 തൃപ്പടി പൂജയും, മലക്കൊടി എഴുന്നള്ളത്തും നടക്കും. വെള്ളംകുടി നിവേദ്യം, ആഴിപൂജ എന്നിവയ്ക്ക് നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തുന്നത് പതിവാണ്. കുംഭ പാട്ട്, തലയാട്ടം കളി, ഭാരത കളി, മുടിയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ ഉത്സവ നാളുകളിൽ നടന്നുവരുന്നു.