എ.വി.എം കനാലിനെ മലിനമാക്കരുത്

Sunday 08 March 2026 1:00 AM IST

പൂവാർ: എ.വി.എം കനാലിനെ മുക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.റിസോർട്ടുകൾ, ഹോട്ടലുകൾ,ബോട്ട് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നിന്നും എ.വി.എം കനാലിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് തടഞ്ഞുകൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. കനാലിലെ വെള്ളത്തിന്, നിറവ്യത്യാസവും ദുർഗന്ധവുമുണ്ട്. കൂടാതെ മീനുകൾ ചത്തുപൊങ്ങുന്നുണ്ട്.എന്നിട്ടും റിസോർട്ടുകളുടെയും മറ്റും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ പരിശോധിച്ചു നടപടിയെടുക്കാൻ അധികൃതർക്കായിട്ടില്ല. പഞ്ചായത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാനും തയ്യാറായിട്ടില്ല. എന്നാൽ ഖരമാലിന്യസംസ്കരണ പ്രവർത്തനങ്ങൾ പരിശോധിക്കൻ ആവശ്യമായ സാങ്കേതിക സംവിധാനം പഞ്ചായത്തിന് ഇല്ലെന്നാണ് സെക്രട്ടറി പറയുന്നത്. ഈ സാഹചര്യത്തിൽ റിസോർട്ടുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിശോധിക്കാനും, നടപടി സ്വീകരിക്കാനും മലിനീകരണ നിയന്ത്രണ ബോർഡിനെയും, ശുചിത്വമിഷനേയും മനുഷ്യാവകാശ കമ്മീഷൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കൈയേറ്റം വ്യാപകം

പൂവാറിന്റെ ചരിത്രം ശേഷിപ്പുകളിൽ ഒന്നാണ് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ എന്ന എ.വി.എം കനാൽ. കന്യാകുമാരി മുതൽ കോവളം വരെയായിരുന്നു കനാൽ നിർമ്മിച്ചിരുന്നത്.ഇതിൽ കോവളം മുതൽ പൂവാർ വരെയുള്ള കനാൽ ഭാഗം ഇന്ന് ഇല്ല. അവശേഷിക്കുന്ന പൂവാർ മുതലുള്ള കനാലിനോട് ചേർന്ന ഭൂമിയിലാണ് വൻകിട ഹോട്ടലുകളും, റിസോർട്ടുകളും പ്രവർത്തിക്കുന്നത്. മണ്ണിട്ട് നികത്തിയും, കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ചും കനാൽ കൈയേറ്റവും ഉണ്ടായിട്ടുണ്ട്. നിർമ്മാണ ഘട്ടത്തിൽ കനാലിന് ഏറ്റവും കുറഞ്ഞ വീതി 30മീറ്റർ ആയിരുന്നുവെങ്കിൽ ഇപ്പോഴത് 3 മീറ്റർ വീതിയുള്ള അഴുക്കുചാലായാണ് കാണപ്പെടുന്നത്.

ചരിത്രത്തിലൊന്ന്

1860ൽ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് എ.വി.എം കനാൽ നിർമ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും വ്യാപാര വാണിജ്യബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം.

ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കുളച്ചൽ വരെ ഒന്നാം ഘട്ടമായും അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാം ഘട്ടമായുമാണ് കനാലിന്റെ പണി പൂർത്തീകരിച്ചത്.പൂവാർ,പൊഴിയൂർ,കൊല്ലംങ്കോട്,തേങ്ങാപ്പട്ടണം, കുളച്ചൽ,മണ്ടയ്ക്കാട്,പുത്തൂർ വഴി കന്യാകുമാരിയിലേക്ക് പാതപോയിരുന്നു.പിൽക്കാലത്ത് റോഡ് ഗതാഗതം വ്യാപാര വ്യവസായ മേഖലയിലുണ്ടാക്കിയ മാറ്രങ്ങൾക്കിടയിൽ എ.വി.എം കനാൽ ഉപയോഗമില്ലാതായി.

നവീകരിക്കണം

ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഒരിടമായി പൂവാറും സമീപ പ്രദേശങ്ങളും മാറിയ സാഹചര്യത്തിൽ, എ.വി.എം കനാൽ പൂർവസ്ഥിതിയിലാക്കുകയും നവീകരിക്കുകയും ചെയ്യാനായാൽ ഏറെ ഗുണകരമാകും.