ബാറിൽ യുവാവിനെ മർദ്ദിച്ച കേസ്; മൂന്ന് പേർ കൂടി പിടിയിൽ

Sunday 08 March 2026 12:48 AM IST

ആലുവ: ചുണങ്ങംവേലിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കൗമാരക്കാരനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ചൂണ്ടി എട്ടേക്കർ പള്ളിക്കു സമീപം ജോജി ജോണിനെ (36) ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. എടത്തല പുഷ്പനഗർ സ്വദേശികളായ ഒന്നാം പ്രതി ഉണ്ണി (45), രണ്ടാം പ്രതി വിനു (22), എട്ടാം പ്രതി അഫ്സൽ (24) എന്നിവരെ കൊരട്ടിയിലെ ഒളിസങ്കേതത്തിൽ നിന്ന് എടത്തല എസ്.ഐ അരുൺദേവ്, സീനിയർ സി.പി.ഒ റഫീക്ക്, സി.പി.ഒ മുനീർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ എടത്തല പുഷ്പ നഗർ കോളനി തോപ്പിൽ പറമ്പിൽ ഫിറോസ്, സുൾഫിക്കർ, പള്ളിക്കപ്പാറ ഉമർ മുക്താർ, പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ, കുരിയക്കാട്ടിൽ അഷീം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. പരിക്കേറ്റ ജോജി ദിവസങ്ങളോളം സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തു വന്ന ശേഷം കഴിഞ്ഞ 17നാണ് എടത്തല പൊലീസിൽ പരാതി നൽകിയത്.