നെയ്യാറിലെ പുല്ലാമല ബണ്ട് പുന‌ർനി‌ർമ്മിച്ചു തുടങ്ങി

Sunday 08 March 2026 12:41 AM IST

നെയ്യാറ്റിൻകര: 2018ൽ ശക്തമായ പ്രളയത്തിൽ തകർന്ന നെയ്യാറിന് സമീപമുള്ള പുല്ലാമല ബണ്ട് പുനർനിർമ്മിച്ചു തുടങ്ങി. കെ.ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3കോടി രൂപ ചെലവിട്ടാണ് ബണ്ട് നി‌ർമ്മിക്കുന്നത്. ഈ പ്രദേശത്തെ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ബണ്ട് പുനർനിർമ്മാണം. പ്രളയം ഉണ്ടായപ്പോൾ ഈ വലിയ ബണ്ട് പൊട്ടി സമീപത്തെ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. ഏറെ നഷ്ടവുമുണ്ടായി. ബണ്ട് ഇല്ലാത്തതുകാരണം മഴക്കാലം തുടങ്ങിയാൽ പുല്ലാമല,അലത്തറയ്ക്കൽ,കാരിയോട് പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി സമീപ പ്രദേശത്തെ ഏലാകളിലെ കൃഷി നശിക്കുമായിരുന്നു.

സർക്കാർ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലുൾപ്പെടുത്തി അനുവദിച്ച 3കോടി രൂപ ചെലവിട്ടാണ് ബണ്ട് നി‌ർമ്മിക്കുന്നത്. ജലസേചന വകുപ്പ് ടെൻഡൻ ക്ഷണിക്കാൻ വൈകിയതിനാൽ ബണ്ട് നിർമ്മാണം നീണ്ടുപോയി. 50മീറ്റർ നീളത്തിൽ 8മീറ്റർ ഉയരത്തിൽ കരിങ്കല്ല് അടുക്കിയാണ് നിർമ്മാണം നടക്കുന്നത്. ഈ മാസാവസാനം നിർമ്മാണം പൂർത്തിയാക്കുമെന്ന് കെ.ആൻസലൻ എം.എൽ.എ അറിയിച്ചു.