ഡിജിറ്റൽ ക്രോപ്പ് സ‌ർവേ,​ പിഴവുകളിൽ ആശങ്ക

Saturday 07 March 2026 11:31 PM IST

ആലപ്പുഴ: ഡിജിറ്റൽ ക്രോപ്പ് സ‌ർവേയ്ക്ക് തലവേദനയായി സാങ്കേതിക പിഴവുകൾ. മൂന്നാം ഘട്ടം പൂ‌ർത്തിയാകുമ്പോഴും ചില വില്ലേജുകളിലെ കൃഷിസ്ഥലങ്ങൾ സർവേയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് കർഷകരുടെ പരാതികൾക്കിടയാക്കിയത്. ഒന്നും രണ്ടും ഘട്ടങ്ങളിൽ സ‌ർവേയിൽ നിന്ന് ഒഴിവാക്കപ്പെട്ട ക‌ർഷക‌ർ,​ കൃഷി ഓഫീസുകളിലും ബ്ളോക്ക് തല കൃഷി ഓഫീസർമാ‌ർക്കും പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.ആലപ്പുഴ ജില്ലയിലെ 90 വില്ലേജ് ഓഫീസുകളാണ് ഡിജിറ്റൽ ക്രോപ്പ് സർവേയിലുള്ളത്.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലെയും കൃഷിയിടത്തെയും വിളകളെയും സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്ന പ്രവർത്തനമാണ് ഡിജിറ്റൽ ക്രോപ് സർവേയുടെ ഭാഗമായി നടക്കുന്നത്.

റവന്യു രേഖകൾ പ്രകാരം ഓരോ സർവേ നമ്പരിലെയും ഭൂമി, ഏതുതരം,​ ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നു. തുടങ്ങിയ സമഗ്രമായ വിവരങ്ങളാണ് സർവേയിൽ ശേഖരിക്കുന്നത്. കാർഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിർണയം നടത്തുന്നതിനും സ്ഥലപരിശോധനകൾ പോലുള്ള ആവശ്യങ്ങൾക്കും ഉപകാരപ്രദം.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന,​ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി,​ കാർഷിക ലോണുകൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം. മൂല്യവർദ്ധനവ്, വിപണനം, കയറ്റുമതി എന്നിവയ്ക്കും ഡാറ്റാബേസ് ഉപയോഗപ്രദമാണ്.

ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും

1.സെൻട്രൽ സെക്‌ടർ സ്‌കീമിന്റെ ഭാഗമായ പദ്ധതി വിവരശേഖരണത്തിനൊപ്പം പുതിയ പദ്ധതികളുടെ ആസൂത്രണത്തിനും ആവശ്യമായിരിക്കെ സർവേയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇടയാക്കുമെന്നാണ് ആശങ്ക

2.പ്ളോട്ടുകളുടെ സർവേ നമ്പരുകളും ഭൂവുമടകളുടെ വിവരങ്ങളും പ്ളോട്ട് സന്ദർശനവേളയിൽ സർവേയർമാരുടെ ഡിവൈസുകളിൽ ലഭ്യമാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം

3.അടുത്ത വസ്തുക്കളിലെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയും സ്വന്തം പ്ളോട്ടിലെ വിവരങ്ങൾ ഉൾപ്പെടുത്താത്തതും കർഷകരും സർവേയർമാരും തമ്മിൽ വാക്കുതർക്കങ്ങൾക്കും പരാതികൾക്കും കാരണമാകുന്നുണ്ട്

4.റവന്യു വകുപ്പ് വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തപ്പോഴുണ്ടായ അപാകതയാണ് ചില സർവേ നമ്പരുകൾ ലഭ്യമാകാത്തതിന് കാരണമെന്നാണ് കൃഷി വകുപ്പ് നൽകുന്ന വിശദീകരണം

റവന്യു വകുപ്പിൽ നിന്ന് ലഭിക്കുന്ന ഭൂരേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ സർവേ നടത്തുന്നത്. ഇനിയുള്ള ഘട്ടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്

- ഡെപ്യൂട്ടി ഡയറക്ടർ, ഡിജിറ്റൽ ക്രോപ്പ് സർവേ വിഭാഗം, ആലപ്പുഴ