പരിശോധനയ്ക്കിടയിൽ ട്രെയിൻ നീങ്ങി; ട്രാക്കിൽ കമിഴ്ന്നുകിടന്ന് ദീപ, രക്ഷപ്പെട്ടത് അത്ഭുതകരമായി

Sunday 08 March 2026 12:38 AM IST

തിരുവനന്തപുരം: പരിശോധനയ്ക്കിടയിൽ ട്രെയിൻ നീങ്ങിയതിനെ തുടർന്ന് ട്രാക്കിൽ കമിഴ്ന്നുകിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രെയിൻ മാനേജർ ടി.കെ.ദീപ. ഇന്ത്യൻ റെയിൽവേയുടെ മികച്ച വനിതാ ജീവനക്കാരിക്കുള്ള അവാർഡിന് അർഹയായി.

വനിതാദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹി നാഷണൽ റെയിൽ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ ദീപ അവാർഡ് സ്വീകരിക്കും. അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട സതേൺ റെയിൽവേയിലെ ഏക ഉദ്യോഗസ്ഥയാണ്.സെപ്തംബർ 15ന് ചിറയിൻകീഴിൽ വച്ചു നടന്ന സംഭവത്തോടെ ദീപ രാജ്യത്തിന്റെ ശ്രദ്ധനേടി.

തിരുവനന്തപുരം–മുംബയ് നേത്രാവതി എക്സ്പ്രസിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് പരിശോധിക്കാൻ കോച്ചിനടിയിൽ കയറിയപ്പോഴാണ് ട്രെയിൻ മുന്നോട്ടെടുത്തത്. ദീപ ട്രാക്കിൽ കമഴ്ന്നു കിടന്നതിനാൽ 2കോച്ചുകൾ കടന്നു പോയെങ്കിലും രക്ഷപ്പെട്ടു. ആളുകൾ ഉച്ചത്തിൽ ബഹളം വച്ചതോടെ ട്രെയിൻ നിറുത്തി. കാൽമുട്ടിനു പരിക്കേറ്റിരുന്നു. അമൃത് ഭാരതിന്റെ കന്നിയാത്രയിൽ ട്രെയിൻ മാനേജർ (ഗാർഡ്) ആകാൻ ഭാഗ്യം ലഭിച്ചതും ദീപയ്ക്കായിരുന്നു. തിരുവനന്തപുരം–താംബരം അമൃത് ഭാരതിലായിരുന്നു ദീപയ്ക്കു ഡ്യൂട്ടി. തിരുമല കുണ്ടമൺകടവ് ശ്രീദുർഗത്തിൽ എസ്.ജെ.രഞ്ജിത്തിന്റെ ഭാര്യയാണ്. മകൾ ഋതിക രഞ്ജിത്.