വീട്ടിൽ നിന്നും പുറത്താക്കരുത്; വിജയ്‌യ്ക്കെതിരെ പുതിയ കേസ് നൽകി ഭാര്യ
ചെന്നൈ: സൂപ്പർതാരം വിജയ‌്‌യുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കവേ താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഇടക്കാല ഹർജി നൽകി. വിവാഹം കഴിഞ്ഞ നാൾ മുതൽ താമസിച്ചുവരുന്ന വീട്ടിൽ തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം നിഷേധിക്കപ്പെടുമോ എന്ന് താൻ ഭയപ്പെടുന്നതായും സംഗീത ഹർജിയിൽ വ്യക്തമാക്കി.
1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവർ കോടതിയെ സമീപിച്ചത്. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക ക്ലേശങ്ങൾ ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2021ൽ ആണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കാര്യം താൻ അറിയുന്നതെന്ന് സംഗീത പറയുന്നു. അന്ന് ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് വാക്ക് പാലിക്കപ്പെട്ടില്ല. നടിക്കൊപ്പം വിജയ് വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും തന്നെയും മക്കളെയും വലിയ തോതിൽ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അവർ ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ചു കാലമായി വിജയ് തന്റെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് തന്നെ ബോധപൂർവ്വം അകറ്റി നിർത്തുകയാണെന്ന് സംഗീത പറയുന്നു.
നിലവിൽ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ സംഗീതയുടെ പുതിയ ഹർജി ഏറെ നിർണായകമാണ്. താമസിക്കുന്ന വസതിയിൽ തുടരാൻ അനുമതി നൽകുന്ന ഇടക്കാല ഉത്തരവ് ഉണ്ടാകുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഈ ആരോപണങ്ങളോട് നടൻ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
1999 ആഗസ്റ്റ് 25ന് ആയിരുന്നു ലണ്ടൻ സ്വദേശിയായ സംഗീതയും വിജയ്യും തമ്മിലുള്ള വിവാഹം.
വനിതാസമ്മേളനത്തിൽ വിജയ്യുടെ വാഗ്ദാനം
വീട്ടമ്മമാർക്ക് 2,500 രൂപ, ആറ് സൗജന്യ ഗ്യാസ് സിലിണ്ടർ
ചെന്നൈ: ടി.വി.കെ അധികാരത്തിലെത്തിയാൽ 60 വയസ് വരെ പ്രായമുള്ള എല്ലാ കുടുംബിനികൾക്കും പ്രതിമാസം 2500 രൂപ. പ്രതിവർഷം 6 സൗജന്യ ഗ്യാസ് സിലിണ്ടറുകൾ. സ്ത്രീകളുടെ വിവാഹത്തിന് ഒരു പവൻ സ്വർണം. ചെങ്കൽപേട്ട് ജില്ലയിലെ മാമല്ലപുരത്ത് നടന്ന പാർട്ടിയുടെ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി പ്രസിഡന്റ് വിജയ് പ്രഖ്യാപിച്ചു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ ക്ഷേമവും അവരുടെ സുരക്ഷയും ശ്രദ്ധിക്കുക എന്നതാണ് പാർട്ടിയുടെ അടിസ്ഥാന നിലപാട്. ഇതിനായി ഒരു പ്രത്യേക വകുപ്പ് സ്ഥാപിക്കും. ആ വകുപ്പ് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്ന് വിജയ് വാഗ്ദനം ചെയ്തു.
മറ്റ് വാഗ്ദാനങ്ങൾ
• പൊതുഗതാഗത വാഹനങ്ങളിൽ സുരക്ഷാ ബട്ടണുകൾ സ്ഥാപിക്കും.
• സ്ത്രീകൾക്കെതിരായ കേസുകൾ പരിഗണിക്കുന്നതിനായി അഞ്ജലൈ അമ്മാൾ സൂപ്പർ ഫാസ്റ്റ് കോടതി സ്ഥാപിക്കും. • റേഷൻ കടകളിലും സ്കൂളുകളിലും സൗജന്യ നാപ്കിനുകൾ വിതരണം ചെയ്യും.
വിവാഹ ബന്ധത്തിലെ തകർച്ച പറയാതെ പറഞ്ഞ് വനിതാ സംഗമത്തിൽ നടത്തിയ ഒരു പ്രസംഗത്തിൽ, വിവാദങ്ങളോട് നേരിട്ട് ആരുടെയും പേരുകൾ പരാമർശിക്കാതെ വിജയ് പ്രതികരിച്ചതിങ്ങനെ: 'എന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല പ്രശ്നങ്ങളെക്കുറിച്ച് വിഷമിക്കേണ്ട. ആ പ്രശ്നങ്ങൾ നിങ്ങളുടെ സമയെ ചെലവഴിക്കാനുള്ളതല്ല. ഞാൻ അവ സ്വയം കൈകാര്യം ചെയ്യും. എന്റെ പ്രശ്നങ്ങൾ കാരണം നിങ്ങൾ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.'