ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ കൊലപാതകം; ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച് അന്വേഷണം
കോയമ്പത്തൂർ: ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി.രാമവാര്യരുടെ മകൾ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തിൽ വീട്ടുജോലിക്കാരിക്കായി തെരച്ചിൽ ആരംഭിച്ചു പൊലീസ്. നേപ്പാൾ സ്വദേശിനി സുർജ റോകേയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരും മറ്റു നാലുപേരും ഒരു ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്ന് പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കോയമ്പത്തൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെയാണ് നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ കസ്തൂരി ജി കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച് കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. കസ്തൂരിക്ക് സഹായത്തിനാണ് ഹോം നഴ്സായ സുർജയെ വീട്ടിൽ നിറുത്തിയിരുന്നത്.
മകൻ ഡോ. രാംകുമാർകുട്ടി വിദേശ യാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച് നഗറിൽ താമസിക്കുന്ന മകൾ ഫോണിൽ വിളിച്ചപ്പോൾ മറുപടി കിട്ടാതിരുന്നതിനാൽ അയൽവാസികളെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന്, രാമനാഥപുരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സി.സി ടിവി പരിശോധിച്ചപ്പോൾ രാത്രി 12.15ന് മൂന്നുപേർ ഫ്ളാറ്റിൽവന്നതായി കണ്ടെത്തിയിട്ടുണ്ട്. അരമണിക്കൂറിനകം ഇവർ തിരിച്ചുപോവുകയും ചെയ്തു. സഹായിയായ സുർജ അക്രമികൾക്ക് വാതിൽ തുറന്നുകൊടുക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മൊബൈൽഫോൺ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവൻമാല നഷ്ടപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ആറംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എ.വി.പി ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എ.വി.പി ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബായ്).