മാദ്ധ്യമ പ്രവർത്തകന്റെ വധം: ഗുർമീത് സിംഗിനെ വെറുതെവിട്ടു
ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകനായ രാമചന്ദ്ര ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവവും ദേര സച്ചാ സൗദ മേധാവിയുമായ ഗുർമീത് റാം റഹീം സിംഗിനെ കോടതി വെറുതെവിട്ടു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. പ്രതികളായ കുൽദീപ്, നിർമ്മൽ, കൃഷൻ ലാൽ എന്നിവരെയും വെറുതെ വിട്ടു. മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്നതിനാൽ ഗുർമീതിന് പുറത്തിറങ്ങാനാകില്ല. 2019 ജനുവരിയിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത് ചോദ്യം ചെയ്‌ത് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.സിർസയിലെ ദേരാ ആസ്ഥാനത്ത് ഗുർമീത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിക്കുന്ന കത്ത് 'പൂരാ സച്ച്' എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ 2002 ഒക്‌ടോബറിൽ രാമചന്ദ്ര ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടു. 2003 ൽ രജിസ്റ്റർ ചെയ്ത കേസ് 2006 ൽ സി.ബി.ഐക്ക് കൈമാറി.കൊലപാതകത്തിൽ ഗുർമീത് ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
രണ്ടു ശിഷ്യകളെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച ഇയാൾ നിലവിൽ ഹരിയാനയിലെ സുനേറിയ ജയിലിലാണ്. ദേര മാനേജർ രഞ്ജിത്ത് സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ 2024ൽ ഹൈക്കോടതി കുറ്റവിമുക്തനായിരുന്നു.