ബ്രക്സിറ്റ്: നടപടികൾ നീട്ടാൻ ബോറിസിന്റെ കത്ത്
ലണ്ടൻ: ബ്രക്സിറ്റ് നടപടി ഒക്ടോബർ 31ൽ നിന്ന് നീട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയന് ഒപ്പുവയ്ക്കാത്ത കത്തയച്ചു. ബ്രക്സിറ്റ് നടപടികൾ നീട്ടിവയ്ക്കാൻ ബ്രിട്ടീഷ് പാർലമെന്റ് ശനിയാഴ്ച വോട്ടിനിട്ട് തീരുമാനിച്ചിരുന്നു. തുടർന്നാണ് ബോറിസ് ജോൺസൺ, യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കിന് കത്ത് നൽകിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് എക്സ്റ്റൻഷൻ റിക്വസ്റ്റ് ലഭിച്ചതായും ഇ.യു നേതാക്കളുമായി ആലോചിച്ച് എന്ത് മറുപടി നൽകണമെന്ന് തീരുമാനിക്കുമെന്നും ഇ.യു കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് ട്വീറ്റ് ചെയ്തു.
ഇനി നവംബർ 14നാണ് യൂറോപ്യൻ പാർലമെന്റ് കൂടുക. ഇത് ബ്രക്‌സിറ്റ് തീയതി നവംബർ 30ലേക്ക് നീട്ടിയേക്കുമെന്നാണ് സൂചന. എന്ത് സംഭവിച്ചാലും ഒക്ടോബർ 31ന് ബ്രക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ബോറിസ് ജോൺസൺ പറഞ്ഞിരുന്നത്.