ഐ.എ.എസ് എന്നത് 'അടിമ സർവീസ്' അല്ല

Sunday 08 March 2026 2:27 AM IST

ഏതു ജനാധിപത്യ സർക്കാരും ചലിക്കുന്നത് 'രാഷ്ട്രീയ ശകട"ത്തിലാണെങ്കിലും,​ അതിന്റെ സ്റ്റിയറിംഗ് തിരിക്കുന്നത് ബ്യൂറോക്രസിയുടെ കൈകളാണ്. അതായത്,​ ഭരണം എങ്ങനെ മുന്നോട്ടു പോകണമെന്നതിന്റെ 'റൂട്ട് മാപ്പ്" ഐ.എ.എസുകാരും ഐ.പി.എസുകാരുമൊക്കെ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥവൃന്ദത്തിന്റേതാണ്. മന്ത്രിസഭ ഒരു രാഷ്ട്രീയതീരുമാനമെടുത്താലും ഉദ്ദിഷ്ടകാര്യം നടക്കണമെങ്കിൽ ചീഫ് സെക്രട്ടറി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ വിചാരിക്കണം. അക്കാര്യംകൊണ്ടുതന്നെ,​ അവരെ ചൊൽപ്പടിക്കു നിർത്താനായിരിക്കും ഏത് സർക്കാരിന്റെയും ശ്രമം. ആ ചാട്ടയ്ക്കൊന്നും നിന്നുകൊടുക്കാത്തവരുമുണ്ട്. ഐ.എസുകാരെ ചട്ടംനോക്കാതെ ശിക്ഷിക്കുന്നതിനൊന്നും സംസ്ഥാന സർക്കാരിന് വകുപ്പില്ലെങ്കിലും തസ്തികമാറ്റം,​ സ്ഥാനമാറ്റം തുടങ്ങിയ മറിമായങ്ങളുടെ ശിക്ഷാവകാശം കൈയിലുള്ളതിനാൽ,​ നിയമവും ചട്ടവും നോക്കാതെ അതെടുത്ത് തലങ്ങും വിലങ്ങും പ്രയോഗിക്കുന്നതും പതിവുതന്നെ.

പക്ഷേ,​ ആ തോന്ന്യാസത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സർക്കാരിനു കിട്ടിയത് കനത്ത പ്രഹരമാണ്. സംസ്ഥാനത്തെ ഐ.എ.എസുകാരുടെ നിയമനവും സ്ഥലംമാറ്റവും തസ്തികമാറ്റവുമൊന്നും തോന്നുംപടി പറ്റില്ലെന്നാണ് സി.എ.ടി ഉത്തരവ്. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുള്ള സിവിൽ സർവീസ് ബോർഡുമായി (സി.എസ്.ബി)​ ആലോചിക്കാതെ ഇനി അത്തരം പരിപാടികൾ നടപ്പില്ല. കേഡർ പോസ്റ്റുകളായി വിജ്‍ഞാപനം ചെയ്യപ്പെട്ടിരിക്കുന്ന തസ്തികകളിൽ ഐ.എ.എസിന് പുറത്തുനിന്നുള്ളവരെയും,​ വിരമിച്ച ഐ.എ.എസുകാരെയും നിയമിക്കരുതെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. വേണ്ടപ്പെട്ടവരും ആജ്ഞാനുവർത്തികളുമായ ചിലരെ ഈ കേഡർ തസ്തികകളിൽ ചട്ടം ലംഘിച്ച് അവരോധിച്ച സർക്കാരിന് ഇതൊരു ഇരട്ട പ്രഹരം കൂടിയാണ്. കാരണം,​ അങ്ങനെ പ്രീതിപാത്രങ്ങളായി പ്രതിഷ്ഠിച്ചിരുന്നവരെ ഈ ഉത്തരവോടെ സർക്കാരിന് ആ കസേരകളിൽ നിന്ന് ഇറക്കിവിടേണ്ടിവരും.

കേഡർ തസ്തികകളിലെ വെള്ളംചേർക്കലിന് എതിരെ ഐ.എ.എസ് അസോസിയേഷൻ നടത്തിയ നിമയപോരാട്ടം യഥാർത്ഥത്തിൽ,​ അസോസിയേഷൻ പ്രസിഡന്റും നിലവിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബി. അശോകിനെ പുകയ്ക്കാൻ സർക്കാർ നടത്തിയ ഒരു ചരടുവലിയായിരുന്നു. ഏതു സ്ഥാനത്ത് ഇരുത്തിയാലും സർക്കാരിന്റെ ചൊൽപ്പടിക്ക് കുനിഞ്ഞുകൊടുക്കാത്ത ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി. അശോക് കണ്ണിലെ കരടാകുന്നത് സ്വാഭാവികം. അതുകൊണ്ട്,​ അശോകിനെ അപ്രധാന ചുമതലകളിലേക്കും,​ സെക്രട്ടേറിയറ്റിനു പുറത്തേക്കും തുരത്താനായിരുന്നു പദ്ധതി. അതിന്റെ ഭാഗമായി അദ്ദേഹത്തെ ആദ്യം തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അദ്ധ്യക്ഷനായും കെ.ടി.ഡി.എഫ്.സി ചെയർമാനായും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായൊക്കെ സർക്കാർ പന്തുതട്ടുകയായിരുന്നു. ഈ സ്ഥലംമാറ്റങ്ങൾക്കെതിരെ സ്റ്റേ സമ്പാദിച്ച ബി. അശോക്,​ പിന്നീടാണ് ട്രൈബ്യൂണലിനെ സമീപിച്ചതും,​ സുപ്രധാന ഉത്തരവ് നേടിയെടുത്തതും.

എക്സൈസ് കമ്മിഷണർ,​ ഐ.എം.ജി ഡയറക്ടർ ജനറൽ,​ 'കില" ഡയറക്ടർ ജനറൽ എന്നീ തസ്തികകൾ ഐ.എ.എസ് കേഡറിലുള്ളവയാണെന്ന് സി.എ.ടി ഉത്തരവിട്ടതോടെ,​ അതിനു വിരുദ്ധമായി സർക്കാർ നടത്തിയ നിയമനങ്ങളാണ് ചോദ്യംചെയ്യപ്പെട്ടത്. ഇതോടെ,​ ഐ.പി.എസുകാരനായ എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാറിനെ സർക്കാരിന് മാറ്റേണ്ടിവരും. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ ഐ.എം.ഡി ഡയറ്കടർ ആക്കിയതും,​ ജോയ് ഇളമണിനെ 'കില" ഡയറക്ടർ ആക്കിയതും ഹർജിയിൽ ചോദ്യംചെയ്തിരുന്നു. ഇരുവരും മറ്റു കാരണങ്ങളാൽ നേരത്തേ സ്ഥാനമൊഴിഞ്ഞതുകൊണ്ട് അത്രയും ആശ്വാസം. ചുരുക്കത്തിൽ,​ ബി. അശോകിനെതിരെ പ്രയോഗിച്ച അസ്ത്രം,​ ഒടുവിൽ സർക്കാരിനു നേരെതന്നെ തിരിഞ്ഞുവന്നു! സി.എ.ടി ഉത്തരവിന് എതിരെ ഇനി ഹൈക്കോടതിയിൽ അപ്പീൽ നല്കാനാണ് സർക്കാരിന്റെ നീക്കം. കിട്ടിയത് മതിയാകാത്ത ചിലർ അങ്ങോട്ടുചെന്ന് 'കൂടുതൽ വലുത്" ചോദിച്ചുവാങ്ങുമെന്ന് കേട്ടിട്ടുണ്ട്!