വാക്കേറ്റം, പിന്നാലെ വാക്കൗട്ട്

Sunday 08 March 2026 3:40 AM IST

പാലാ: നഗരസഭയിൽ ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗം വാക്കേറ്റത്തിലും പ്രതിപക്ഷത്തിന്റെ വാക്കൗട്ടിലും കലാശിച്ചു. പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കിലും യോഗത്തിൽ അജണ്ടകൾ പാസാക്കി. പ്രധാനമായും രണ്ടു വിഷയങ്ങളാണ് ചർച്ചയിൽ വന്നത്. നഗരസഭയുടെ തൂക്കുപാലം സംബന്ധിച്ച് തയ്യാറാക്കിയ പുതിയ പദ്ധതികളും അതിൽനിന്ന് ഒഴിവാക്കുന്ന പദ്ധതികളും കൗൺസിൽ അംഗീകാരത്തിനായി സമർപ്പിക്കുക്കുകയായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തൂക്കുപാലം പദ്ധതിയെ അനുകൂലിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നഗരസഭയുടെ ജനകീയ ആസൂത്രണം 2026 27ന്റെ വാർഷിക പദ്ധതിയെ അംഗീകരിക്കുന്നത് സംബന്ധിച്ചായിരുന്നു രണ്ടാമത്തെ വിഷയം. വാർഷിക പദ്ധതി സംബന്ധിച്ച ലിസ്റ്റ് കൗൺസിൽ തുടങ്ങിയ വേളയിലാണ് ലഭിച്ചതെന്നും വായിച്ചു നോക്കാൻ പോലും സമയം കിട്ടിയില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഏറെ പേജുകളുള്ള ലിസ്റ്റ് വായിച്ച് പഠിച്ചു ബോധ്യപ്പെട്ടു മാത്രമേ അംഗീകാരം നൽകാൻ സാധിക്കുകയുള്ളൂവെന്നും അതിനായി ഒരു മണിക്കൂർ അനുവദിക്കണമെന്നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഒരിക്കൽ കൂടി സഭ ചേരാമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നിർദ്ദേശം വച്ചു. എന്നാൽ ഭരണപക്ഷം അത് അംഗീകരിക്കാൻ തയാറായില്ല. തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

ഫോട്ടോ അടിക്കുറിപ്പ് പാലാ നഗരസഭാ പ്രതിപക്ഷം ഇന്നലെ ചേർന്ന കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുന്നു.