കപ്പയോ ചക്കയോ ചേമ്പോ എന്തുമാകട്ടെ, അതിവിടെ കേക്കും ഹലുവയും ജാമും അച്ചാറുമാകും
കൊച്ചി: 'ഇൻ ആൻഡ് എറൗണ്ട് പുല്ലോലി" എന്നതാണ് മരിയ എബ്രഹാമിന്റെ സംരംഭത്തിന്റെ പേര്. സ്വന്തം ഗ്രാമത്തിലെ വിളകൾ കൊണ്ട് മൂല്യവർദ്ധിത ഉത്പന്നങ്ങൾ. കപ്പയോ ചക്കയോ ചേമ്പോ ഇലുമ്പൻ പുളിയോ എന്തുമാകാം. അത് കേക്കും ഹലുവയും ജാമും അച്ചാറുമാകും. കറുമുറെ കടിക്കുന്ന ചിപ്സുമാകും.
സ്വന്തം തോട്ടത്തിലെ നാടൻ വിളകളിൽ ഒരു ഭാഗം നശിച്ചുപോകുന്നതു കണ്ടാണ് കാഞ്ഞിരപ്പള്ളി കൊല്ലംകുളത്തിൽ മരിയ(67) ഈ സംരംഭം തുടങ്ങിയത്. പാരമ്പര്യമായി കിട്ടിയ പാചകനൈപുണ്യം അനുഗ്രഹമായി. തൊടിയിലെ വിഭവങ്ങൾ തീർന്നാൽ അയൽപക്കങ്ങളിൽ നിന്ന് വാങ്ങും. അങ്ങനെയാണ് 'പുല്ലോലിയും ചുറ്റുവട്ട"വും ജനപ്രിയ ബ്രാൻഡായത്.
ഹോം സയൻസ് ബിരുദധാരിയായിരുന്ന അമ്മ റോസക്കുട്ടിയിൽ നിന്നാണ് മരിയ അടുക്കളയിലെ പൊടിക്കൈകൾ പഠിച്ചത്. കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥാനായിരുന്ന ഭർത്താവ് ഇട്ടിയവര എബ്രഹാം കള്ളിവയലിനൊപ്പം വിവാഹശേഷം കുറച്ചുവർഷങ്ങൾ ലേ- ലഡാക്കിലായിരുന്നു. തിരിച്ചെത്തിയ ശേഷം കേക്ക്, സാൻവിച്ച് തുടങ്ങിയ വിഭവങ്ങൾ പരീക്ഷിച്ചതിന് ആരാധകരുണ്ടായി. പാചകരഹസ്യങ്ങൾ യഥേഷ്ടം പങ്കുവയ്ക്കുകയും ചെയ്തു.
കാൻസറിനെ തോൽപ്പിച്ചു,
കവർ മോഡലുമായി
വനിതകളുടെ ചെറു ബിസിനസ് യൂണിറ്റായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നു വർഷം മുമ്പ് മരിയയ്ക്ക് അർബുദം പിടിപെട്ടത്. വായുടെ മുകൾഭാഗം(പാലെറ്റ്) ശസ്ത്രക്രിയ ചെയ്ത് നീക്കേണ്ടിവന്നു. വിധിക്ക് കീഴടങ്ങാൻ മരിയ തയാറായില്ല. കൃത്രിമ പാലെറ്റിന്റെ സഹായത്തോടെ ആരോഗ്യം വീണ്ടെടുത്തു.
ജീവിതത്തിരക്കുകൾ ഒഴിഞ്ഞ സമയത്താണ് നാടൻ വിളകളുടെ വിഭവങ്ങൾ വിപണിയിലെത്തിക്കാൻ തീരുമാനിച്ചതും വിജയിപ്പിച്ചതും. ഇപ്പോൾ നാട്ടിൽ മാത്രമല്ല, ഇ- കൊമേഴ്സ് സൈറ്റുകളിലും മരിയയുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ദമ്പതികൾക്ക് രണ്ടു മക്കളാണ് അവിരയും റോസയും.
1993ൽ മരിയ പ്രമുഖ പ്രസിദ്ധീകരണത്തിന്റെ കവർ മോഡലുമായി. സ്വന്തമായുണ്ടാക്കിയ കേക്കും സാൻവിച്ചുകളും നിരത്തിവച്ചാണ് കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.