ഹോർമുസിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്ക് നേരെ വീണ്ടും ആക്രമണം. മാൾട്ട പതാക വഹിക്കുന്ന 'പ്രീമ ', മാർഷൽ ഐലൻഡ്സിന്റെ പതാക വഹിക്കുന്ന 'ലൂയ് പി' എന്നീ കപ്പലുകളെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് ആക്രമിച്ചത്. ഹോർമുസ് കടക്കാൻ പാടില്ലെന്ന തങ്ങളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇറാൻ പ്രതികരിച്ചു. ഇരുകപ്പലിലെയും ജീവനക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
പാക് സേനാ മേധാവിയുമായി ചർച്ച
സൗദി അറേബ്യൻ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ. സൗദിക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങൾ ചർച്ച ചെയ്തു. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ കരാറിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച. പാകിസ്ഥാനോ സൗദിക്കോ എതിരെയുള്ള ആക്രമണത്തെ ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കഴിഞ്ഞ വർഷം ധാരണയിലെത്തിയ കരാറിലെ വ്യവസ്ഥ. ഇറാന്റെ ഭാഗത്ത് നിന്ന് സംയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സൗദി പ്രതികരിച്ചു.
ശ്രീലങ്കയ്ക്ക് യു.എസിന്റെ സമ്മർദ്ദം
ശ്രീലങ്കയിൽ അഭയംതേടിയ ഇറാൻ നാവികരെ തിരിച്ചയക്കാതിരിക്കാൻ യു.എസ് സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച യു.എസ് ആക്രമണത്തിൽ തകർന്ന ഇറാൻ നാവിക സേനയുടെ 'ഐറിസ് ദേന" യുദ്ധക്കപ്പലിൽ നിന്ന് രക്ഷപെട്ട 32 പേർ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. തൊട്ടടുത്ത ദിവസം ഇറാൻ നാവിക സേനയുടെ സഹായ കപ്പലായ 'ഐറിസ് ബുഷെഹറി'ലെ 208 നാവികർക്കും ശ്രീലങ്ക അഭയം നൽകി. ഇരുകപ്പലിലെയും ജീവനക്കാരെ ഇറാനിലേക്ക് മടക്കി അയയ്ക്കരുതെന്ന് കൊളംബോയിലെ യു.എസ് അംബാസഡർ ശ്രീലങ്കൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ഐറിസ് ദേന ആക്രമണത്തിൽ കൊല്ലപ്പെട്ട 87 നാവികരുടെ മൃതദേഹങ്ങൾ ഇറാന് വിട്ടുനൽകുമെന്ന് ശ്രീലങ്ക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് എന്നുവേണമെന്നതിൽ തീരുമാനമായിട്ടില്ല.