അതിർത്തിയിൽ പുതിയ നീക്കവുമായി പാകിസ്ഥാൻ? സുരക്ഷ  ശക്തമാക്കി  സെെന്യം, ജാഗ്രതാ നിർദേശം

Sunday 08 March 2026 11:15 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി സെെന്യം. പാകിസ്ഥാൻ പ്രകോപനമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മുംബയ്, ഡൽഹി, ജമ്മുകാശ്മീർ എന്നീ പ്രധാന നഗരങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ സേനകൾക്ക് നി‌ർദേശം നൽകി.

അഫ്ഗാനിസ്ഥാനുമായി സംഘർഷം നടക്കുന്നതിനാൽ നിരവധി ആഭ്യന്തര വെല്ലുവിളികൾ പാകിസ്ഥാൻ നേരിടുന്നുണ്ട്. ഇതിനിടയിലാണ് പ്രകോപനം സൃഷ്ടിക്കാൻ ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാൻ പാക് സെെന്യവും ഐഎസ്ഐയും ശ്രമിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

പാകിസ്ഥാനിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം ഇത്തരം ശ്രമങ്ങൾ നടത്താറുണ്ട്. രാഷ്ട്രീയ വിവാദങ്ങൾ വഴിതിരിച്ചുവിടാനാണ് നീക്കം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികളോട് നിരീക്ഷണം ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സേന പരിശോധന ശക്തമാക്കി.

അതേസമയം, അഫ്ഗാനിസ്ഥാനെതിരെയുള്ള സൈനിക നടപടി പാകിസ്ഥാൻ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. യുദ്ധം തുടരാനാണ് ഭാവമെങ്കിൽ പാകിസ്ഥാനെതിരെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. ബോർഡർ പോസ്റ്റുകൾ തകർത്തും സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള അതിർത്തി കടന്നുള്ള ഗറില്ലാ ആക്രമണങ്ങൾ നടത്തിയുമാകും അഫ്ഗാന്റെ പ്രതിരോധം. കര, വ്യോമ, നാവിക ശക്തിയിൽ പാകിസ്ഥാൻ തങ്ങളേക്കാൾ ബഹുദൂരം മുന്നിലായതിനാൽ, സമ്പൂർണ യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകൾക്ക് അഫ്ഗാൻ തയ്യാറാകുമെന്നാണ് പാക് സർക്കാർ കരുതുന്നു.