പ്രഖ്യാപനവുമായി മമത, തൊഴിൽരഹിതരായ യുവജനങ്ങൾക്ക് 1,500 രൂപ
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൊഴിൽ രഹിതരായ യുവജനങ്ങൾക്കായി വൻ പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പത്താം ക്ലാസ് പാസായ തൊഴിൽരഹിതരായവർക്ക് പ്രതിമാസം 1,500 അലവൻസ് പ്രഖ്യാപിച്ചു. സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തമാക്കുന്നതിനുവേണ്ടിയാണിത്. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ (എസ്.ഐ.ആർ) തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർമാരുടെ പേരുകൾ വെട്ടിയതിനെതിരെ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ സംസാരിക്കുകയായിരുന്നു മമത. 21നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് തുക ലഭിക്കുക. വിതരണം കഴിഞ്ഞ ഏഴിനുതന്നെ ആരംഭിച്ചെന്നും മമത പറഞ്ഞു. ഇപ്പോഴും പഠിക്കുന്നവർക്കും സ്‌കോളർഷിപ്പുകൾ ഒഴികെയുള്ള മറ്റ് പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്തവർക്കും തുക ലഭിക്കും.
തൊഴിലില്ലായ്മ 40% കുറഞ്ഞു
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് മമത അവകാശപ്പെട്ടു. ചുരുങ്ങിയത് നാൽപ്പത് ലക്ഷത്തോളം ആളുകൾക്ക് നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ട്. അതിൽത്തന്നെ പത്തുലക്ഷം പേർ ഇതിനകംതന്നെ ജോലിയിൽ പ്രവേശിച്ചു.
തങ്ങളുടെ സർക്കാർ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 40 ലക്ഷം പേർക്കെങ്കിലും നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ട്, അതിൽ ഏകദേശം 10 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്- മമത പറഞ്ഞു.