നുണ പറയുന്നത് ആരെന്ന് ജനങ്ങൾക്കറിയാം : വി.ഡി.സതീശൻ

Monday 09 March 2026 2:20 AM IST

പുതുയുഗ യാത്രയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സംഭാഷണം

രാഹുൽഗാന്ധി നടത്തിയ അഞ്ച് ഉറപ്പും നടപ്പിലാക്കും എന്റെ നുണയും ഗോവിന്ദന്റെ നുണയും ജനം വിലയിരുത്തട്ടെ ലീഗുപോലും വിട്ടുപോകാൻ ആഗ്രഹിച്ച കാലമുണ്ടായിരുന്നു, ഇപ്പോൾ യു.ഡി.എഫ് എന്നാൽ ഒറ്റമനസ്സും ഒറ്റ ഹൃദയവുമാണ്  വി.ഡി.സതീശൻ മുഖ്യമന്ത്രിയാവാൻ കച്ചകെട്ടി ഇറങ്ങിയ നേതാവല്ല  കെ.സി. മത്സരിക്കുമോ എന്നത് ഹൈക്കമാൻഡ് പറയും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്ര സമാപിച്ചു. കേരളത്തിലങ്ങോളം വലിയ സ്വീകരണങ്ങളും പ്രതീക്ഷയുമാണ് യാത്രയ്ക്ക് ജനം നൽകിയത്. യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി കേരളത്തിനായി നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുകയുമുണ്ടായി. യാത്രാനന്തരം വി.ഡി.സതീശൻ കേരള കൗമുദിയുമായി സംസാരിക്കുന്നു.

യാത്രാനന്തരം വി.ഡി.സതീശൻ സ്റ്റാറായി, യു.ഡി.എഫ് ജയിച്ചാൽ

അടുത്ത മുഖ്യമന്ത്രിയാണോ..?

കുഴയ്ക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. ഞാനൊരുകാലത്തും എന്തെങ്കിലും സ്ഥാനത്തിനായി പ്രവർത്തിച്ച ആളല്ല. 2021ൽ ഞാൻ പ്രതിപക്ഷ നേതാവായി വരുന്ന കാലത്തെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ. സത്യം പറഞ്ഞാൽ മുസ്ലിം ലീഗുപോലും യു.ഡി.എഫിൽ നിന്ന് വിട്ടുപോകാൻ ആഗ്രഹിച്ച കാലം. ഇപ്പോൾ എല്ലാം മാറിയില്ലേ. എല്ലാവരും ഒറ്റക്കെട്ടായില്ലേ. ഇന്ന് യു.ഡി.എഫ് എന്നാൽ ഒറ്റ മനസ്സും ഒറ്റ ഹൃദയവുമാണ്. ആർക്കും അഭിപ്രായ വ്യത്യാസങ്ങളില്ല. പാർട്ടി എന്നെ ഏൽപിച്ച ദൗത്യമാണ് അത്. വി.ഡി.സതീശൻ മുഖ്യമന്ത്രിയാവാൻ കച്ചകെട്ടി ഇറങ്ങിയ നേതാവല്ല. പാർട്ടിയെ കെട്ടുറപ്പുള്ളതാക്കാൻ ഇറങ്ങിയ ആളാണ്.

നടപ്പാക്കാനാകുന്ന പ്രഖ്യാപനങ്ങളാണോ സമാപന സമ്മേളനത്തിൽ

രാഹുൽഗാന്ധി നടത്തിയത്...?

നടക്കും എന്നല്ല, നടത്തും എന്നാണ് അതിന് ഉത്തരം. രാഹുൽഗാന്ധി വെറുതേ പറഞ്ഞതല്ല. കേരളത്തിലെ കോൺഗ്രസ് ഒരു മാസമായി നടത്തിയ ചർച്ചകളുടേയും ഗ്രൗണ്ട് വർക്കിന്റേയും ഭാഗമാണ് പ്രഖ്യാപനം. രാഹുൽഗാന്ധി കേരളത്തിൽ അടുത്ത സർക്കാർ എന്തൊക്കെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം പ്രാവർത്തികമാക്കും അടുത്ത യു.ഡി.എഫ് സർക്കാർ.

കെ.എസ്.ആർ.ടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര,

പെൻഷൻ 3000...പ്രാക്ടിക്കലാണോ..?

ഞാൻ പറഞ്ഞല്ലോ. കേരളത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ കൃത്യമായി പഠിച്ച് വിലയിരുത്തിയാണ് പ്രഖ്യാപനം നടത്തിയത്. ഉത്തരേന്ത്യയല്ല കേരളം എന്നറിയാം. പ്രഖ്യാപനം കൊണ്ട് വോട്ട് വീഴ്ത്താനല്ല. പക്ഷെ കേരളത്തിലെ ജനത ആഗ്രഹിക്കുന്നതാണ് ഞങ്ങൾ പറഞ്ഞത്. 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതി അതിൽ പ്രധാനമാണ്. രാജസ്ഥാനിൽ ഈ പദ്ധതി ഏറ്റവും പ്രായോഗികമായി നടപ്പിലാക്കിയിട്ടുണ്ട്. വലിയ ആശ്വാസമാണ് അവിടുത്തെ ജനതയ്ക്ക് കിട്ടിയിട്ടുള്ളത്. കേരളം അതിലും ചെറിയ സംസ്ഥാനമല്ലേ. അപ്പോൾ ഏറ്റവും വിജയകരമായി ഈ പദ്ധതികളെല്ലാം ഇവിടെ പ്രാവർത്തികമാവും. വെറുതേ വീമ്പു പറയുന്നതല്ല, നടപ്പിലാക്കിയിരിക്കും. അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്നൊക്കെ ചിലർ വീമ്പു പറയുമ്പോഴും കേരളീയ ജനതയുടെ ആരോഗ്യാവസ്ഥയും സാമ്പത്തികാവസ്ഥയുമെല്ലാം പഠിച്ചിട്ടാണ് യു.ഡി.എഫ് ഇത്തരമൊരു പ്രഖ്യാപനത്തിലേക്കെത്തിയത്. സാധാരണഗതിയിൽ കോൺഗ്രസിൽ ഇത്തരമൊരു തീരുമാനമെടുത്താൽ നേരത്തേ ചോരേണ്ടതാണ്. ഇത്തവണ അതുണ്ടായില്ല. അതിനർത്ഥം അത്രമാത്രം കെട്ടുറുപ്പുണ്ട് ഇന്ന് കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും.

താങ്കളുടെ യാത്രയെ നുണയാത്രയെന്നാണ്

എം.വി.ഗോവിന്ദനും സി.പി.എമ്മും വിശേഷിപ്പിച്ചത്..?

വിശേഷണമല്ലല്ലോ, താറടിക്കലല്ലേ. എന്തായാലും എനിക്കെതിരെ അഴിമതിക്കാരൻ കൊള്ളക്കാരൻ തുടങ്ങിയ ആരോപണങ്ങളൊന്നുമില്ലല്ലോ. അതുതന്നെ വലിയ സമാധാനം. കേരളത്തിൽ ആരാണ് നുണപറയുന്നതെന്ന് ഇവിടുത്തെ ജനതയ്ക്കറിയാം. പാർട്ടി പറയുന്നത് അപ്പാടെ വിഴുങ്ങുന്ന സി.പി.എമ്മുകാരുടെ കാലം കഴിഞ്ഞു. നിരവധി പാർട്ടി കേന്ദ്രങ്ങളിലൂടെ പുതുയുഗ യാത്ര കടന്നുപോയപ്പോൾ അവിടുന്നെല്ലാം ലഭിച്ചത് ആവേശകരമായ സ്വീകരണമാണ്. വലിയ അസംതൃപ്തിയുണ്ട് അവർക്കെല്ലാം. പിന്നെ ഞാൻ നുണയനാണെന്നത്, കേരളത്തിലെ ആരോഗ്യമന്ത്രിക്കെതിരായി കയ്യേറ്റമെന്ന വാർത്ത പുറത്തുവന്നപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവനകൾ കേരളം കണ്ടതല്ലേ, കഴുത്തിന് കുത്തിപ്പിടിച്ചു, വടികൊണ്ടടിച്ചു, കൈപിടിച്ച് തിരിച്ചു..എന്താണ് ഇപ്പോൾ ആ കേസിന്റെ അവസ്ഥ. ആരോഗ്യമന്ത്രിയുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ എന്താണ്. പിന്നെ കുറേ കെ.എസ്.യുക്കാരെ കേസിൽ കുടുക്കി. അതും വധശ്രമമടക്കം ആരോപിച്ച്. ഇവിടെ ഒരു നിയമവും കോടതിയും ഉണ്ടെന്ന് സി.പി.എം നേതാക്കൾ മറക്കണ്ട. എന്റെ നുണയും ഗോവിന്ദന്റെ നുണയും ജനം വിലയിരുത്തട്ടെ.

 കെ.സി.വേണുഗോപാൽ മത്സരിക്കുന്നുണ്ടോ...? അതെല്ലാം എ.ഐ.സി.സി തീരുമാനിക്കേണ്ടതാണ്. എം.പി.മാർ മത്സരിക്കുന്നുണ്ടോ, ആരൊക്കെ മത്സരിക്കുന്നുണ്ടോ എന്നെല്ലാം ഹൈക്കമാൻഡ് പറയും. സ്ഥാനാർഥികളുടെ കാര്യത്തിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവും.

 വി.ഡി.സതീശൻ മത്സരിക്കുന്നുണ്ടോ..? അതും തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. മത്സരിക്കുന്നുണ്ടെങ്കിൽ

അതെന്റെ സ്വന്തം മണ്ഡലത്തിലാവും.