എ.വി.ഗോപിനാഥ് ചുമതലയേറ്റു

Monday 09 March 2026 2:46 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനായി മുൻ എം.എൽ.എ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഇന്നലെ രാവിലെ തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. ഗുരുവായൂർ ദേവസ്വം കമ്മിഷണർ എം.ജി. രാജമാണിക്യം അദ്ധ്യക്ഷനായി. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ഭരണസമിതി യോഗം എ.വി.ഗോപിനാഥിനെ ചെയർമാനായി തിരഞ്ഞെടുത്തു. ദേവസ്വം കമ്മിഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു. എൻ.കെ. അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ ജ്യോതിരാജ് എന്നിവരും പങ്കെടുത്തു. പുതിയ അംഗങ്ങളെ എം.എൽ.എയും വിവിധ സംഘടനാ നേതാക്കളും പൊന്നാടയണിയിച്ച് അനുമോദിച്ചു.