ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പുതിയ ആധുനിക ആശുപത്രി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. ഏഴ് നിലകളിലായി ഏകദേശം 1.1 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ ചെലവ് 74.1 7കോടി രൂപയാണ്.
പുതിയ ബ്ലോക്കിൽ 114കിടക്കകൾ,എമർജൻസി ആൻഡ് ട്രോമാകെയർ യൂണിറ്റ്, ആധുനിക ഡയാലിസിസ് യൂണിറ്റ്, സി.ടി, എം.ആർ.ഐ അൾട്രാസൗണ്ട്, എക്സ്റേ, മാമോഗ്രാഫി എന്നിവ ഉൾപ്പെടുന്ന റേഡിയോ ഡയഗ്നോസിസ് വിഭാഗം, 6മോഡുലാർ ഓപ്പറേഷൻ തീയറ്ററുകളടങ്ങിയ ഒ.ടി കോംപ്ലക്സ്,മെഡിക്കൽ-സർജിക്കൽ ഐ.സി.യു,പുരുഷ-സ്ത്രീ വാർഡുകൾ,ഫാർമസി,ബ്ലഡ് ബാങ്ക്, സി.എസ്.എസ്.ഡി,പവർ ലോണ്ട്രി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
പരിസ്ഥിതി സൗഹൃദമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കെട്ടിടത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, ഫയർ ഫൈറ്റിംഗ് സംവിധാനം, മെഡിക്കൽ ഗ്യാസ് പൈപ്പിംഗ്, ജനറേറ്റർ ബാക്കപ്പ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആശുപത്രി ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ചിറയിൻകീഴ് താലൂക്കിലെയും സമീപ തീരദേശ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് കെട്ടിടം ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ, എൻ.ഖോബ്രഗഡെ ഐ.എ.എസ്, ഒ.എസ്.അംബിക എം.എൽ.എ, വി.പ്രിയദർശിനി, ഗീതാസുരേഷ്, ഷീല.എസ്, സജിത്ത് മുട്ടപ്പലം, നിഷറീജു,സിന്ധു.എസ്, അൻസർ പെരുംകുളം, ജൂഡ് ജോർജ്, ആർ.കെ.രാധാമണി, ആർ.സുഭാഷ്, ഡോ.ബിന്ദു മോഹൻ, ഡോ.അനൂജ്.എസ്, ഡോ.റീന.കെ.ജെ തുടങ്ങിയവർ പങ്കെടുക്കും.