വി. കുഞ്ഞികൃഷ്ണൻ വേണ്ട; പയ്യന്നൂർ യു.ഡി.എഫിൽ കലഹം 

Monday 09 March 2026 12:17 AM IST
യു.ഡി.എഫ്

പയ്യന്നൂർ: സി.പി.എം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. സി.പി.എം വിമതർക്ക് യു.ഡി.എഫ് പിന്തുണ നൽകിയാൽ പരസ്യമായി എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കി. ഇതോടെ പയ്യന്നൂർ മണ്ഡലത്തിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയ നീക്കം വൻ പ്രതിസന്ധിയിലായി.

കോൺഗ്രസ് പ്രവർത്തകർക്കും യൂത്ത് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ ഡി.വൈ.എഫ്‌.ഐക്ക് ഒത്താശ ചെയ്ത വ്യക്തിയാണ് കുഞ്ഞികൃഷ്ണനെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. 'ഒരു കാലത്ത് ഞങ്ങളെ ആക്രമിക്കാൻ വെള്ളവും വളവും നൽകിയ ആളിനെ ഇനി ഞങ്ങൾക്ക് പിന്തുണയ്ക്കാനാകില്ല. പാർട്ടിയുടെ അഭിമാനം പണയം വയ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല' യൂത്ത് കോൺഗ്രസ് നേതൃത്വം ശക്തമായ ഭാഷയിൽ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയലിന്റെ നേതൃത്വത്തിൽ ചേർന്ന മണ്ഡലം കൺവെൻഷനിലാണ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രമേയം അംഗീകരിച്ചത്. കോൺഗ്രസ് കൊടി ഏന്തി പ്രവർത്തിച്ചവരെ മാത്രമേ സ്ഥാനാർത്ഥിയാക്കാവൂ എന്നും, യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.