പള്ളിയറക്കാവ് റോഡിൽ അപകടങ്ങൾക്ക് അറുതിയില്ല
അരൂർ: പള്ളിയറക്കാവ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ, അമിതവേഗത്തിൽ എത്തിയ ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. അരൂക്കുറ്റി റോഡിലൂടെ വേഗത്തിൽ വന്ന ബൈക്ക് പട്ടാര്യ സമാജം ഓഫിസിന് സമീപം എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഘാതത്തിൽ ബൈക്ക് യാത്രികൻ തെറിച്ച് വീണാണ് പരിക്കേറ്റത്. അരൂക്കുറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനയാത്രികർ അരൂർ പള്ളിക്ക് സമീപം ദേശീയപാതയിലെത്താൻ തിരഞ്ഞെടുക്കുന്ന എളുപ്പമാർഗമാണ് വീതി കുറഞ്ഞ പള്ളിയറക്കാവ് റോഡ്. ഉയരപ്പാത നിർമ്മാണം കാരണം ദേശീയപാതയിലെ ഗതാഗത തടസം കാരണം പലരും ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ദേശീയപാതയിൽ ഗതാഗതം സാധാരണ നിലയിലായിട്ടും ഇടുങ്ങിയ പള്ളിയറക്കാവ് റോഡിലൂടെ വാഹനങ്ങൾ അമിതവേഗയിൽ പായുകയാണ്. കാൽനടക്കാർക്ക് ഉൾപ്പടെ നിരവധി പേർക്ക് വാഹനമിടിച്ച് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇല്ലത്തുപടിയിൽ നിന്ന് തിരിയുന്ന വാഹനങ്ങളെ പൊലീസ് ഇടപെട്ട് അരൂർ ക്ഷേത്രം വഴി തിരിച്ചുവിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.